‘തട്ട’ത്തിൽ സി.പി.എമ്മിനെതിരെ കുഞ്ഞാലിക്കുട്ടി; ഇൻഡ്യ മുന്നണിയിലെ ഒരു കക്ഷിക്ക് ഉണ്ടാകാൻ പാടില്ലാത്ത നിലപാട്
text_fieldsകോഴിക്കോട്: മലപ്പുറത്തെ പുതിയ പെൺകുട്ടികൾ തട്ടം തലയിലിടാൻ വന്നാൽ വേണ്ടായെന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വരവോടെയാണെന്ന സി.പി.എം നേതാവ് കെ. അനിൽകുമാറിന്റെ പ്രസ്താവന വിവാദത്തിൽ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇൻഡ്യ മുന്നണിയിലെ ഒരു കക്ഷിക്ക് ഉണ്ടാകാൻ പാടില്ലാത്ത നിലപാടാണ് തട്ടം വിഷയത്തിൽ സി.പി.എം സ്വീകരിച്ചതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഈ വിഷയത്തിൽ തിരുത്തേണ്ട ഘട്ടം അവർ ഉണ്ടാക്കാൻ പാടില്ലായിരുന്നു. അടിസ്ഥാനപരമായ വിഷയമാണ് ഇത്. കർണാടക തെരഞ്ഞെടുപ്പിൽ ഈ വിഷയത്തിലാണ് കോൺഗ്രസ് ഉറച്ച നിലപാടെടുത്തത്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്‍റെ വസ്ത്രധാരണ രീതി മാറ്റിക്കാൻ കഴിഞ്ഞു എന്ന് വലിയ വിപ്ലവമാക്കി പറഞ്ഞത് അതിശയം തന്നെയാണ്.
ഈ പറയുന്ന വസ്ത്രങ്ങൾ അഴിച്ചുവെച്ചിട്ടല്ല ഇതൊന്നും നേടിയത്. ശബരിമല ആയാലും ശരി, ന്യൂനപക്ഷങ്ങളുടെ ഭക്ഷണ, വസ്ത്ര, വിശ്വാസമായാലും ശരി, വിശ്വാസങ്ങളിലേക്ക് കടന്നുചെല്ലരുത് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എസൻസ് നാസ്തിക സമ്മേളനത്തിലാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ വിവാദ പരാമർശം നടത്തിയത്. ‘മലപ്പുറത്തെ വിദ്യാഭ്യാസം പോയി നോക്കൂ. ഏതെങ്കിലും മതസംഘടനയുണ്ടാക്കിയ വിദ്യാഭ്യാസമാണോ? മലപ്പുറത്തെ പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ. തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായി തന്നെ, വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായി തന്നെയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല....’ -എന്നിങ്ങനെയായിരുന്നു അനിൽ കുമാറിന്‍റെ പ്രസംഗം.
ഇതിനെതിരെ കടുത്ത പ്രതിഷേധമുയർന്നതോടെ അനിൽകുമാറിന്റെ പരാമർശം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തള്ളിയിരുന്നു. പരാമർശം അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയ എം.വി. ഗോവിന്ദൻ, വസ്ത്രധാരണം വ്യക്തിയുടെ ജനാധിപത്യ അവകാശമാണെന്നും അതിലേക്ക് കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.