സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് കോടികളുടെ ബിനാമി നിക്ഷേപം- കെ.ടി ജലീല്‍
text_fieldsതിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കെ.ടി ജലില്‍ എം.എൽ.എ. വേങ്ങരയിലെ എ.ആർ.നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടി കോടികള്‍ ബിനാമി പേരില്‍ നിക്ഷേപിച്ചതായാണ് ജലീല്‍ ആരോപിച്ചത്. പലരുടേയും പേരിലാണ് അക്കൗണ്ടുകൾ. ഈ ബാങ്കിൽ 600 കോടി രൂപയുടെ കള്ളപ്പണനിക്ഷേപമുണ്ടെന്നും ജലീൽ ആരോപിച്ചു.
യു.ഡി.എഫിന്‍റെ ഡയറക്ടർ ബോർഡ് ഭരിക്കുന്ന സഹകരണ ബാങ്കാണ് എ.ആർ.നഗർ ബാങ്ക്. കുഞ്ഞാലിക്കുട്ടിയുടെ വരുതിയിൽ നിൽക്കുന്നവർ മാത്രം കൈയാളുന്ന സ്ഥാപനമാണ് എ.ആർ നഗർ ബാങ്കെന്നും ബാങ്കിൽ വ്യാജനിക്ഷേപം ധാരാളമുണ്ടെന്നും ജലീല്‍ ആരോപിച്ചു. ആളുകളില്ലാത്ത നിക്ഷേപം മുഴുവൻ പി.കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്ന സമയത്ത് ഉണ്ടാക്കിയതാണെന്നും ഇതുസംബന്ധിച്ച തെളിവുകളാണ് പുറത്തുവരുന്നതെന്നും ജലീല്‍ പറഞ്ഞു. മലപ്പുറത്ത് ലീഗിന്റെ നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളും കേരള ബാങ്കില്‍ ചേരാന്‍ വിസമ്മതിക്കുന്നതിന്റെ അടിസ്ഥാനം ഈ കള്ളപ്പണ നിക്ഷേപമാണെന്നും ജലീൽ ആരോപിച്ചു.
600 കോടിയിലധികം രൂപയുടെ കള്ളപ്പണം ഇവിടെയുണ്ട്. എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരൻ. ഒരു അംഗനവാടി ടീച്ചർ ഇതിനോടകം പൊലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ഈ ടീച്ചറുടെ പേരിൽ ഏകദേശം 80 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഇതെല്ലാം കുഞ്ഞാലിക്കുട്ടിയുടെ പണമാണ്. തട്ടിപ്പ് പുറത്തായതോടെ ഹരികുമാര്‍ നിരവധി തവണ അംഗനവാടി ടീച്ചറെ ടെലിഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. സത്യം പുറത്തുവരുമ്പോള്‍ ഹരികുമാറിനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ജലീൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 110 കോടിയോളം രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. ബാങ്കിൽ നിന്ന് സെക്രട്ടറി പദവിയിൽ വിരമിച്ചയാൾ പിറ്റേന്ന് തന്നെ ഡയറക്ടർ ആയി ചുമതല ഏറ്റെടുത്തതോടെയാണ് ബാങ്കിൽ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2018 ൽ തന്നെ ബാങ്കിൽ ബിനാമി നിക്ഷേപങ്ങളും ഇടപാടുകളും നടന്നതായി സഹകരണവകുപ്പിന്‍റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അന്നത്തെ ബാങ്ക് സെക്രട്ടറി സ്വന്തം പേരിലുണ്ടാക്കിയ അക്കൗണ്ടിലൂടെ 12 കോടിയുടെ ഇടപാട് നടത്തിയതായും ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ ഉദ്യോഗസ്ഥൻ 17 കോടിയോളം രൂപയുടെ വഴിവിട്ട ഇടപാട് നടത്തിയതായി സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നു ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.