മതപണ്ഡിതർക്ക് സംസാരിക്കാൻ കഴിയാത്ത സ്ഥിതി –പി.കെ. കുഞ്ഞാലിക്കുട്ടി എം.പി
text_fieldsകണ്ണൂർ: സംസ്ഥാനത്ത് മതപണ്ഡിതന്മാർക്ക് സംസാരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് മുസ്ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജനയാത്രയുടെ പ്രഖ്യാപനം കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിർവഹിക്കു കയായിരുന്നു അദ്ദേഹം. മതപണ്ഡിതന്മാർ വായ തുറന്നാൽ കേസെടുക്കുകയാണ്. ഫാറൂഖ് കോളജ് പ്രശ്നം അതാണ് കാണിക്കുന്നത്. പറയുന്നത് മനസ്സിലാകാത്തതുകൊണ്ടാണ് പൊലീസുകാർ എഫ്.െഎ.ആറിടുന്നത്. കേരളത്തെ ഉത്തരേന്ത്യയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനസംരക്ഷണ ചുമതല ഉറപ്പുവരുത്തേണ്ടവർ കൊല്ലും കൊലയും നടത്തുന്നതാണ് ഇവിടെ കാണുന്നത്. കൊലപാതകത്തിന് അറുതിയുണ്ടാകണം. അല്ലെങ്കിൽ കേരളം സടകുടഞ്ഞെഴുന്നേൽക്കും. പിന്നെ ഇടതുപക്ഷത്തിന് ഇവിടെ ഭരിക്കാനാവില്ല. ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷത്തിെൻറ സഹകരണത്തോടെ മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ. നരേന്ദ്ര മോദി അധികാരത്തിൽനിന്ന് ഇറങ്ങരുതെന്ന് ആഗ്രഹിക്കുന്നത് കമ്യൂണിസ്റ്റുകാർ മാത്രമാണ്. മുഖ്യശത്രു ആരെന്ന് അവർക്ക് തിരിച്ചറിയാൻ കഴിയാത്തത് അതുകൊണ്ടാണ്. റേഷൻകടകൾ തുറക്കുന്നതിനുപകരം ബാറുകളാണ് സംസ്ഥാനസർക്കാർ തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ലോഗോ പ്രകാശനം നിർവഹിച്ചു. അഖിലേന്ത്യ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി, സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ.കെ. ബാവ, നിയമസഭ പാര്‍ട്ടി ലീഡര്‍ ഡോ. എം.കെ. മുനീര്‍, കെ.എം. ഷാജി എം.എൽ.എ, വി.കെ. അബ്ദുൽ ഖാദര്‍ മൗലവി, അബ്ദുറഹ്മാന് കല്ലായി, സി. മമ്മുട്ടി എം.എൽ.എ, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, ടി.പി. അഷ്റഫലി, പി. കുഞ്ഞുമുഹമ്മദ്, അബ്ദുൽകരീം ചേലേരി എന്നിവർ സംസാരിച്ചു. യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതവും വൈസ് പ്രസിഡൻറ് പി.കെ. സുബൈർ നന്ദിയും പറഞ്ഞു. ഒരുമാസം നീണ്ടുനില്‍ക്കുന്ന യുവജനയാത്ര കാസര്‍കോട്ടുനിന്ന് തുടങ്ങി 600 കി. മീറ്റര്‍ സഞ്ചരിച്ചാണ് തിരുവനന്തപുരത്ത് സമാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.