മൂന്നാം സീറ്റിന് ലീഗിന് അർഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മുസ്ലിം ലീഗ് മൂന്നാം സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കും. ന്യൂഡൽഹിയിൽ പാർട്ടിയുടെ ദേശീയ സെക്രട്ടേറിയറ്റിനുശേഷം ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരെ അറിയിച്ചതാണിക്കാര്യം.മൂന്നാം സീറ്റിന് ലീഗിന് അർഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏതു സീറ്റ് ആയിരിക്കണം എന്ന് തുടങ്ങിയ കാര്യങ്ങൾ യു.ഡി.എഫ് ആണ് തീരുമാനിക്കേണ്ടത്. വെള്ളിയാഴ്ച തന്നെ ഇക്കാര്യത്തിൽ യു.ഡി.എഫ് തീരുമാനം എടുത്തുകൊള്ളണമെന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മതേതര ചേരി ശക്തിപ്പെടുത്തി ബി.ജെ.പിയെ തോൽപിക്കാൻ ദേശീയ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. കേരളത്തിന് പുറത്ത് മുസ്‌ലിംലീഗ് മത്സരിക്കുമെങ്കിലും അത് ബി.ജെ.പിയെ ജയിപ്പിക്കുന്ന തരത്തിലുള്ള മത്സരമായിരിക്കില്ല. മതേതര കക്ഷികളുമായി സഖ്യത്തിലേർപ്പെടാൻ ശ്രമിക്കും. മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രഫ. ഖാദര്‍ മൊയ്തീൻ, ദേശീയ ട്രഷറര്‍ പി.വി. അബ്ദുൽ വഹാബ് എം.പി, ദേശീയ ഓര്‍ഗനൈസിങ് െസക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി എന്നിവരും കുഞ്ഞാലിക്കുട്ടിക്കൊപ്പമുണ്ടായിരുന്നു.
വൈസ് പ്രസിഡൻറുമാരായ അഡ്വ. ഇഖ്ബാല്‍ അഹമദ്, ദസ്തഗീര്‍ ആഖ, ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമര്‍, മൗലാനാ കൗസര്‍ ഹയാത്ത് ഖാന്‍, അസി. സെക്രട്ടറിമാരായ ഡോ. മതീന്‍ ഖാന്‍, മുഹമ്മദ് ബാസിത്ത് മുന്‍ എം.എല്‍.എ, ഡൽഹി സംസ്ഥാന അധ്യക്ഷന്‍ നിസാര്‍ അഹമദ് നഖ്ശബന്ദി, സെക്രട്ടറി ഇമ്രാന്‍ ഐജാസ്, ഝാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍ അംജദ് അലി, സെക്രട്ടറി സാജിദ് ആലം, പശ്ചിമ ബംഗാള്‍ കണ്‍വീനര്‍മാരായ കെ.പി. ശരീഫ്, സഫറുല്ല മുല്ല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.