കുഞ്ഞാലിക്കുട്ടി പാർലമെൻററി പാർട്ടി നേതാവ്; ലീഗിന് ക്ഷതമേറ്റുവെന്ന പ്രചാരണം തെറ്റെന്ന് നേതൃത്വം
text_fieldsമലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് പാർലമെൻററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു. ഡോ. എം.കെ മുനീറാണ് ഉപ നേതാവ്. പാണക്കാട് ഹൈദരലി തങ്ങളുടെ നേതൃത്വത്തിൽ മലപ്പുറം ലീഗ് ഹൗസിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.
തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിലയിരുത്തുമെന്ന് ഹൈദരലി തങ്ങൾ അറിയിച്ചു. യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു തരംഗത്തിനിടയിലും പാർട്ടിക്ക് കാര്യമായ തിരിച്ചടിയേറ്റിട്ടില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം. മഞ്ചേശ്വരത്ത് ബി.ജെ.പിയുടെ വരവിന് തടയിടാനായത് നേട്ടമാണെന്നും ഏഴ് മണ്ഡലങ്ങളിൽ ഭൂരിപക്ഷം വർധിപ്പിക്കാനായെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. താനൂരിൽ തോറ്റെങ്കിലും ഇടത് എം.എൽ.എയുടെ ഭൂരിപക്ഷം കുറക്കാനായി. ജില്ലക്ക് പുറത്ത് മൂന്നു മണ്ഡലങ്ങളിൽ തോറ്റു. കുറ്റ്യാടിയിൽ നേരിയ ഭൂരിപക്ഷത്തിനാണ് സീറ്റ് നഷ്ടമായത്.
അതേസമയം, കൊടുവള്ളിയിൽ സീറ്റ് തിരിച്ചു പിടിച്ചു. കാസർകോട്ട് 5000 വോട്ടിെൻറ ഭൂരിപക്ഷം വർധിച്ചു. തവനൂരിൽ ഭൂരിപക്ഷം കുറക്കാനായി. ലീഗിന് ക്ഷതമേറ്റെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണ്. പാർട്ടിയെന്ന നിലയിലും മുന്നണിയെന്ന നിലയിലുമുണ്ടായ വീഴ്ചകൾ പരിശോധിക്കും.
ബി.ജെ.പി വോട്ടിൽ നല്ലൊരു ശതമാനം സി.പി.എമ്മിന് പോയിട്ടുണ്ടെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, കെ.പി.എ മജീദ്, പാർട്ടി എം.എൽ.എമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.