താമരശ്ശേരി രൂപതയുടെ വേദപാഠ വിവാദം ചർച്ചയിലൂടെ പരിഹരിച്ചത് മാതൃകയാക്കണം -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: താമരശ്ശേരി രൂപതയുടെ വേദപാഠ പുസ്തകത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചത് കണ്ടില്ലേ എന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. എം.കെ. മുനീറിന്‍റെ നേതൃത്വത്തിൽ മുസ്‍ലിം നേതാക്കളും ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയും ചർച്ച ചെയ്താണ് പ്രശ്നങ്ങൾ പരിഹരിച്ചതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ഈ നടപടികളെ എന്തു കൊണ്ട് മാധ്യമങ്ങൾ കാണുകയും പ്രത്സാഹിപ്പിക്കുകയും ചെയ്യുന്നില്ല. വിവാദങ്ങളുടെ പുറകെ മാത്രം പോയാൽ പോരെന്നും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമൂഹത്തിൽ ഉണ്ടാകുന്ന ഇത്തരം വിവാദങ്ങൾ അവസാനിപ്പിക്കുകയാണ് വേണ്ടത്. അതല്ലേ ഒരു പരിഷ്കൃത സമൂഹത്തിന്‍റെ കടമ. വിവാദം പെരുപ്പിക്കുന്നതിൽ എന്ത് അർഥമാണുള്ളത്. ഇത് നമുക്ക് ഗുണം ചെയ്യില്ല. മതനേതാക്കളും മുഖ്യധാരയിലെ രാഷ്ട്രീയ പാർട്ടികളും സാംസ്കാരിക സംഘടനകളും ചേർന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഹരിത വിവാദത്തിൽ എടുത്ത തീരുമാനത്തിൽ മുസ് ലിം ലീഗിൽ ഭിന്നാഭിപ്രായമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹരിതയിലെ തിരുത്തൽ നടപടികൾ കൂടിയാലോചിച്ച ശേഷം എടുത്തതാണ്. പാണക്കാട് തങ്ങളുടെ തീരുമാനം അന്തിമമാണ്. തുടർന്നുള്ള കാര്യങ്ങൾ യോഗങ്ങളിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
താമരശ്ശേരി രൂപതയുടെ വേദപാഠ പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ വൻ പ്രതിഷേധത്തെ തുടർന്ന് പിന്‍വലിച്ചിരുന്നു. തീവ്ര മുസ്‍ലിം വിരുദ്ധ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകത്തിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മുസ്‍ലിം നേതാക്കളുമായി താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നടത്തിയ ചർച്ചയെ തുടർന്നാണ് വിവാദ പരാമർശങ്ങൾ പിൻവലിക്കാൻ ധാരണയായത്. ബിഷപ്പിെൻറ താൽപ്പര്യ പ്രകാരം ഡോ. എം.കെ. മുനീർ എം.എൽ.എയാണ് യോഗത്തിന് മുൻകൈ എടുത്തത്.
താമരശ്ശേരി രൂപത വിശ്വാസ പരിശീലനകേന്ദ്രം മുതിർന്ന വിദ്യാർഥികൾക്കു വേണ്ടി പ്രസിദ്ധീകരിച്ച 'സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളും' എന്ന പുസ്തകത്തിലാണ് അടിസ്ഥാന രഹിതമായ വിവാദ പരാമര്‍ശങ്ങള്‍ ഉൾക്കൊള്ളിച്ചിരുന്നത്. പുസ്തകത്തിലെ പരാമര്‍ശത്തില്‍ മുസ്‍ലിം സമൂഹത്തിനുണ്ടായ വേദനയില്‍ ബിഷപ് ഖേദം പ്രകടിപ്പിച്ചു. സാമുദായിക സൗഹാര്‍ദം നിലനിത്താനും സാമൂഹിക തിന്മകള്‍ക്കെതിരെ യോജിച്ച് പ്രവർത്തിക്കാനും നേതാക്കൾ തീരുമാനിച്ചു.
മതവ്യാപനം ലക്ഷ്യമാക്കി തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാന മാർഗമാണ് 'ലവ് ജിഹാദെന്ന പ്രണയക്കുരുക്കെന്ന്' പുസ്തകത്തിൽ പറഞ്ഞിരുന്നു. മുസ്‍ലിം യുവാക്കള്‍ പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുന്നതും ആഘോഷവേളകളില്‍ വീടുകളിലേക്ക് ക്ഷണിക്കുന്നതും പ്രണയിക്കുന്നതുമെല്ലാം ലവ് ജിഹാദിന്‍റെ വിവിധ ഘട്ടങ്ങളാണ്
പെണ്‍കുട്ടികളെ വശീകരിക്കാൻ മുസ്‍ലിം പുരോഹിതന്മാർ ആഭിചാരം നടത്തുന്നു. പെണ്‍കുട്ടിയുടെ മുടിയോ തൂവാലയോ മറ്റെന്തെങ്കിലും വസ്തുക്കളോയാണ് ഇതിനായി ഉപയോഗിക്കുന്നത്. മുസ്‍ലിം ആണ്‍കുട്ടികള്‍ നല്‍കുന്ന ഭക്ഷണം, സമ്മാനം, സാധാരണ സ്പർശനം പോലും വശീകരണത്തിന് കാരണമാകാമെന്നും കൈപ്പുസ്തകത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.