‘അഞ്ചു വര്‍ഷം കൊണ്ട് യു.ഡി.എഫുണ്ടാക്കിയ വികസനം ഒമ്പതു വര്‍ഷമായിട്ടും എൽ.ഡി.എഫിന് സാധ്യമായിട്ടില്ല’
text_fieldsമലപ്പുറം: അഞ്ചു വര്‍ഷം കൊണ്ട് യു.ഡി.എഫുണ്ടാക്കിയ വികസനം ഒമ്പതു വര്‍ഷമായിട്ടും എൽ.ഡി.എഫിന് സാധ്യമായിട്ടില്ലെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വ്യവസായ മുന്നേറ്റത്തിൽ സംസ്ഥാന സര്‍ക്കാറിനെ പ്രശംസിച്ച ശശി തരൂര്‍ എം.പിയുടെ നിലപാടിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സാഹചര്യങ്ങള്‍ ലീഗ് നിരീക്ഷിക്കുകയാണെന്നും വേണ്ട സമയത്ത് നിലപാട് പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ബംഗളൂരുവും ചെന്നൈയും ഐ.ടി മേഖലയിൽ വികസിച്ച വേഗത്തിൽ കേരളത്തെയും മാറ്റാനാണ് 2001ലെ യു.ഡി.എഫ് സർക്കാർ ശ്രമിച്ചത്. എന്നാൽ, അന്നത്തെ പ്രതിപക്ഷം തടസ്സപ്പെടുത്താൻ നോക്കി. യു.ഡി.എഫ് സര്‍ക്കാറിന്‍റെ എല്ലാ വികസനപദ്ധതികളും ഇടതുപക്ഷം തടഞ്ഞു. എന്നാൽ, യു.ഡി.എഫ് പ്രതിപക്ഷത്തായപ്പോൾ ഇത്തരം വികസനങ്ങളുമായി സഹകരിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കേരളത്തില്‍ വ്യവസായ വളർച്ചക്ക് അടിത്തറയിട്ടത് യു.ഡി.എഫ് സർക്കാറുകളാണ്. ഇടതുപക്ഷത്തിന്‍റെ വികസനവിരുദ്ധ സമീപനമാണ് വളർച്ചക്ക് തടസമായിരുന്നത്. സ്റ്റാർട്ടപ്പുകൾക്കുള്ള പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ തുടങ്ങിയത് യു.ഡി.എഫാണ്. എറണാകുളത്തെ കാക്കനാട് കുറുക്കൻ മേഞ്ഞിരുന്ന സ്ഥലമാണ്. എ.കെ. ആന്‍റണി സർക്കാറിന്‍റെ കാലത്ത് കൊച്ചിയെ ഐ.ടി കേന്ദ്രമാക്കാൻ ഇൻഫോപാർക്കും മറ്റും തുടങ്ങിയാണ് കാക്കനാടിനെ ഇന്നു കാണുന്ന രീതിയിലാക്കിയത്.
വ്യവസായ മന്ത്രി മാതൃകാപരമെന്നു പറഞ്ഞ കാക്കഞ്ചേരി പാർക്ക്, അതിനെത്തുടർന്ന് വന്നതാണ് കിൻഫ്ര. ഡിജിറ്റൽ കേരള ആയത് അക്ഷയ വന്നതിനാലാണ്. കെ. കരുണാകരൻ, ആന്‍റണി, ഉമ്മൻ ചാണ്ടി സർക്കാറുകളുടെ കാലത്തും വ്യവസായ ഭൂപടത്തിൽ വമ്പിച്ച മാറ്റമാണുണ്ടാക്കിയതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.