സുപ്രഭാതം പത്രത്തിൽ വിവാദ പരസ്യം വന്നത് ഗൗരവതരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: സുപ്രഭാതം പത്രത്തിൽ വന്ന വിവാദ പരസ്യത്തിൽ രൂക്ഷ വിമർശനവുമായി മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സുപ്രഭാതം പത്രത്തിൽ വന്ന വിവാദ പരസ്യം വന്നത് ഗൗരവതരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പത്രപരസ്യം വന്നത് ചെറിയ കാര്യമല്ല. ബി.ജെ.പിയെ ജയിപ്പിക്കാനാണ് നോക്കിയത്. ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ ഉണ്ടായാൽ അതിന്‍റെ ഗുണം ലഭിക്കുക ബി.െജ.പിക്കാണെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ നോക്കി എന്നുള്ളത് ഇടതുപക്ഷത്തിനോ മതേതര വിശ്വാസിക്കോ ഭൂഷണമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഫലം വന്ന ശേഷം വിഷയം ചർച്ച ചെയ്യും. സമസ്തയുമായി കൂടിയാലോചനകൾ നടന്നു വരികയാണെന്നും അത് തുടരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പാലക്കാട് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി. സരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നൽകിയ പത്ര പരസ്യമാണ് വിവാദമായത്. ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ പത്രപരസ്യമായി നല്‍കിയാണ് വോട്ടെടുപ്പിന്റെ തലേദിവസത്തെ എൽ.ഡി.എഫിന്റെ വോട്ടഭ്യര്‍ഥന. ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിലാണ് സന്ദീപ് വാര്യരുടെ ചിത്രം നൽകിയുള്ള പരസ്യം.
ഒറ്റനോട്ടത്തിൽ പരസ്യമെന്ന് തിരിച്ചറിയാത്ത രീതിയിൽ പത്രത്തിന്റെ ഉള്ളടക്കമെന്ന് തോന്നിക്കുന്ന വിധമാണ് ഇതുള്ളത്. സന്ദീപിന്റെ പഴയ പല വിവാദ പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളിച്ച് ‘സരിന്‍ തരംഗം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരസ്യം കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്നതാണ്. സുപ്രഭാതം പാലക്കാട് എഡിഷനിലും സിറാജ് മലപ്പുറം എഡിഷനിലുമാണ് പരസ്യമുള്ളത്. പാർട്ടി ദിനപത്രമായ ദേശാഭിമാനിയിൽ പരസ്യം നൽകിയിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.