കാർഡ് മാറ്റി കളിക്കുമ്പോൾ അതെങ്ങനെ ബാധിക്കുന്നുവെന്ന് സി.പി.എം ചിന്തിക്കുന്നില്ല -പി.കെ കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: കാർഡ് മാറ്റി കളിക്കുമ്പോൾ അതെങ്ങനെ പാർട്ടിയെ ബാധിക്കുന്നുവെന്ന് സി.പി.എം ചിന്തിക്കുന്നില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പുരോഗമന രാഷ്ട്രീയം പറയുന്നതിന് പകരം ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്ന് പറയുമ്പോൾ അവരുടെ സ്ഥിതി എന്താകുമെന്ന് ഇടതുപക്ഷം ചിന്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
എൽ.ഡി.എഫിന്‍റെ വോട്ടിലാണ് ചോർച്ച സംഭവിച്ചത്. വയനാട്ടിൽ മന്ത്രിയുടെ മണ്ഡലത്തിൽ വരെ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. പാലക്കാട്ടെ പല ബൂത്തിലും ബി.ജെ.പിക്ക് പിന്നിലാണ് സി.പി.എം. യു.ഡി.എഫിന്‍റെ വിജയത്തിന് പിന്നിലെ സാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള മുസ് ലിം ലീഗിന്‍റെ പങ്ക് സി.പി.എമ്മിനെ അലോസരപ്പെടുത്തുണ്ട്.
രാഷ്ട്രീയമായ വിമർശനവുമായി പോകുന്നതല്ലാതെ വിഭാഗീയത ഉണ്ടാക്കാനുള്ള കളി സി.പി.എമ്മിനെ തന്നെ ബാധിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതികരിച്ചത്. ഈ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഏറ്റവുമധികം കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയ മണ്ഡലം ചേലക്കരയായിരുന്നു. ചേലക്കര പിടിച്ചെടുത്താൽ രാഷ്ട്രീയമായി വലിയൊരു ജയം ഉണ്ടാക്കാൻ കഴിയുമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ കണക്കുകൂട്ടൽ. സർക്കാറിന്‍റെ വിലയിരുത്തലാകും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അവർ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിച്ചത്.
പ്രിയങ്കാ ഗാന്ധി വയനാട്ടിൽ വന്നതിന്‍റെ ഓളം ചേലക്കരയിലും സൃഷ്ടിക്കാമെന്നും എൽ.ഡി.എഫിനെ പരാജയപ്പെടുത്താമെന്നുമായിരുന്നു കണക്കുകൂട്ടൽ. ജമാഅത്തെ ഇസ്‍ലാമിയെയും എസ്.ഡി.പിയെയും ഇടതുപക്ഷത്തിന് എതിരായി അണിനിരത്തി. എന്നിട്ടും ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പം അണിനിരന്നു. ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥിക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടുപോലും നേടാൻ കഴിഞ്ഞില്ല. എൽ.ഡി.എഫിന്‍റെ സ്ഥാനാർഥിയായ യു.ആർ. പ്രദീപിന് വോട്ട് വിഹിതം വർധിപ്പിക്കാനും കഴിഞ്ഞു. ഇതെല്ലാം സർക്കാറിലുള്ള ജനവിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നതിന് തെളിവാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മൂന്നാംസ്ഥാനത്തെത്തിയ മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട്. എന്നിട്ടും അവിടെ വോട്ട് വഹിതം ഉയർത്താൻ കഴിഞ്ഞു. പാലക്കാട് ബി.ജെ.പിയുമായുള്ള വോട്ട് അകലം കുറച്ചു. മഹാശക്തിയാണെന്ന് പറഞ്ഞുപരത്തിയ ബി.ജെ.പി വലിയ തോതിൽ പുറകോട്ട് പോയിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.