വഖഫ് നിയമനം: ഇടത് സർക്കാർ ബി.ജെ.പിയെ കടത്തിവെട്ടിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: നിയമനം പി.എസ്.സിക്ക് കൈമാറിയത് വഴി കേരള വഖഫ് ബോർഡിനെ ഒന്നുമല്ലാതാക്കുന്ന നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. നിയമനം പി.എസ്.സിക്ക് കൈമാറിയത് വഴി വഖഫ് ബോർഡിന്‍റെ മർമ്മ പ്രധാനമായ അധികാരം എടുത്തുകളയുകയാണ് ചെയ്തത്. ഇത് എന്തിന് വേണ്ടി ചെയ്തെന്ന് സർക്കാറിന് വിശദീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് കൈമാറിയതിനെതിരെ എസ്.വൈ.എസ് മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ കുറച്ച് നിയമനങ്ങളാണ് വഖഫ് ബോർഡിൽ നടക്കുന്നത്. വഖഫ് ബോർഡിലേക്കാൾ കൂടുതൽ നിയമനങ്ങൾ മറ്റ് സ്വയംഭരണ ബോർഡുകളിൽ നടക്കുന്നുണ്ട്. എന്നാൽ, ഈ സ്വയംഭരണ ബോർഡുകളിലെ നിയമനം സർക്കാർ പി.എസ്.സിക്ക് കൈമാറിയില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകളിൽ ബി.ജെ.പി സർക്കാറുകൾക്ക് പിടിമുറക്കാൻ കേരളത്തിന്‍റെ നടപടി കാരണമാകും. വലിയ വിപ്ലവവും പിന്നാക്ക സംരക്ഷണവും പറയുന്ന ഇടത് സർക്കാർ, ബി.ജെ.പി സർക്കാറുകളെ കടത്തിവെട്ടിയിരിക്കുകയാണ്. വഖഫ് നിയമനം പി.എസ്.സിക്ക് കൈമാറിയ സർക്കാർ തീരുമാനം പിൻവലിക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.