സർവേകൾ നിരർഥകം; ജനങ്ങൾ തെറ്റിദ്ധരിക്കരുതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച സർവേകൾ നിരർഥകമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വിവിധ ചാനലുകൾ വിവിധ രൂപത്തിലുള്ള സർവേകളാണ് പുറത്തുവിടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഒരു ബൂത്തിൽ നിന്ന് ഒരാളോട് ചോദിച്ചിട്ട് ആ ബൂത്തിലെ മുഴുവൻ ഫലവും പറയുകയാണ്. ഒന്നോ രണ്ടോ ലക്ഷം വോട്ടുള്ള സ്ഥലത്ത് 250 പേരോട് ചോദിച്ച് ഫലം പ്രഖ്യാപിക്കുന്നു. സർവേയുടെ ഒരു നിയമങ്ങളും പാലിക്കുന്നില്ല.
കോഴിക്കോട് ജില്ലയിൽ ഒമ്പത് സീറ്റും യു.ഡി.എഫിനെന്ന് ഒരു സർവേ പറയുമ്പോൾ, മറ്റൊരു സർവേ ഒരു സീറ്റ് പോലുമില്ലെന്ന് പ്രവചിക്കുന്നു. അതെങ്ങനെ ശരിയാകുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
വ്യാജസർവേകൾ കണ്ട് ജനങ്ങൾ തെറ്റിദ്ധരിക്കരുത്. സർവേ നടത്തിയ പല കമ്പനികളുടെ ആധികാരികത പലരും ചോദ്യം ചെയ്യുന്നുണ്ട്. സർവേകളെ ആശ്രയിക്കാൻ സാധിക്കില്ലെന്ന് അവയുടെ പരസ്പര വിരുദ്ധമായ പ്രവചനങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു.
സർവേകളെ മുഖവിലക്ക് എടുക്കേണ്ടെന്ന് ചാനലുകൾ തന്നെ പറയുന്നുണ്ട്. പിന്നെ എന്തിനാണ് സമയം കളയുന്ന ഈ പ്രവൃത്തി. ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും അതിന്‍റെ മറവിൽ കൃത്രിമം കാണിക്കുകയുമാവും പിന്നിലെ ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സർവേ പ്രവചനത്തിന് വിരുദ്ധമായ ഫലമാണ് വന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പോസ്റ്റൽ വോട്ടിന്‍റെ കെട്ടിൽ കൃത്രിമമുണ്ടാക്കാം. വോട്ട് എണ്ണിത്തോൽപ്പിക്കാൻ ശ്രമമുണ്ടാകും. യു.ഡി.എഫ് പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.