വയനാട് പുനരധിവാസത്തിൽ ആരംഭശൂരത്വം ഇപ്പോഴില്ല, ഭൂമി ഏറ്റെടുക്കാൻ സർക്കാറിന് സാധിക്കില്ലേ?; വിമർശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി
text_fieldsതിരുവനന്തപുരം: ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പുനരധിവാസ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്ന ആരംഭശൂരത്വം ഇപ്പോഴില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പുനരധിവാസ പദ്ധതി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കണം. ദുരന്തത്തിൽപ്പെട്ടവർ ഇരുട്ടിൽ നിൽക്കുന്ന സ്ഥിതിയാണ്. കടം എഴുത്തള്ളുമെന്ന വാഗ്ദാനത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും അടിയന്തര പ്രമേയ ചർച്ചയിൽ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുക്കാൻ ഒരു സർക്കാറിന് സാധിക്കില്ലേ?. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നൂലാമാലകൾ ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കാൻ കഴിയില്ലേ?. ദേശീയപാതക്കായി എത്ര വേഗത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത് -കുഞ്ഞാലിക്കുട്ടി ചോദിച്ചു.
597 പേർക്ക് സഹായം കൊടുക്കണമെന്നാണ് തീരുമാനിച്ചത്. വയനാട്ടിലും വിലങ്ങാട്ടും ദുരന്തത്തിൽപ്പെട്ടവർക്ക് സർക്കാർ പട്ടിക പ്രകാരം 15,000 രൂപ വീതം മുസ് ലിം ലീഗ് നൽകി കഴിഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഭൂമി എവിടെയാണ്, ഏതുതരം വീടാണ്, സന്നദ്ധ സംഘടനകളും സർക്കാരും നൽകുന്ന സഹായങ്ങൾ ഒരുമിച്ച് ഒരാൾക്ക് കിട്ടുമോ തുടങ്ങിയ കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം. പുനരധിവാസം വൈകാൻ പാടില്ലെന്നും സമയബന്ധിതമായി നടപ്പാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
തോട്ടം മേഖലയെ ഏറ്റെടുക്കാൻ സാധിക്കില്ലേ?. നമ്മൾ ഉണ്ടാക്കിയ നിയമം മാറ്റാൻ സാധിക്കില്ലേ?. തോട്ടത്തിന്‍റെ കാര്യം പറഞ്ഞ് മുന്നോട്ടു പോയാൽ ലോകാവസാനം വരെ നിൽകേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് പലയിടത്തും ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പ്രധാനമന്ത്രി സ്ഥലത്തെത്തി സഹായം പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ, കേരളത്തിന്‍റെ കാര്യത്തിൽ പക്ഷപാതം കാണിക്കാൻ കേന്ദ്രത്തിന് എങ്ങനെയാണ് ധൈര്യമുണ്ടാവുന്നത്. ഈ വിഷയത്തിൽ സർക്കാറിനൊപ്പം ഉറച്ചു നിൽക്കാൻ പ്രതിപക്ഷം തയാറാണ്. പ്രധാനമന്ത്രി വന്ന് വലിയ പ്രദർശനം നടത്തിയിട്ട് സംസ്ഥാനത്തെ അവഗണിക്കുകയാണ്. കേന്ദ്രത്തിന്‍റെ ഈ നടപടി അനുവദിക്കാൻ പാടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.