കുഞ്ഞാലിക്കുട്ടിയുടെ ഫോൺ ശബ്ദരേഖ അറ്റകൈക്ക് പുറത്ത് വിടേണ്ടിവരും, സൂക്ഷിച്ചാൽ നന്ന് -കെ.ടി. ജലീൽ
text_fieldsതിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻ മന്ത്രി കെ.ടി. ജലീൽ. ഇ.ഡി വിഷയത്തിൽ പാണക്കാട് കുടുംബാംഗങ്ങളുമായി കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചതിന്‍റെ ശബ്ദരേഖയുണ്ടെന്നും അറ്റകൈക്ക് അത് പുറത്ത് വിടേണ്ടിവരുമെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെ വന്നാൽ അദ്ദേഹത്തിന് രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീൽ കൂട്ടിച്ചേർത്തു.
''ലീഗിനെ കമ്പനിയാക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. മുഈനലി തങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞത് വസ്തുതയാണ്. അതിന്‍റെ പേരിൽ അദ്ദേഹത്തിനെതിരെ ലീഗ് നേതൃയോഗത്തിൽ തെന്റ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് നടപടി എടുക്കാനാണ് ഭാവമെങ്കിൽ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരും.
ഇ.ഡിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാണക്കാട് കുടുംബത്തിലെ ചിലരുമായി കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചിട്ടുണ്ട്. അതിന്‍റെ ഒക്കെ ശബ്ദരേഖകൾ അറ്റകൈക്ക് പുറത്ത് വിടേണ്ടിവരും. അത് പുറത്ത് വന്നാൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരും. ആ നിലയിലേക്കാണ് കാര്യങ്ങൾ പോകുക. സൂക്ഷിച്ച് കൈകാര്യം ചെയ്താൽ അദ്ദേഹത്തിന് നന്ന്.
മുഈനലി തങ്ങൾക്കെതിരെ വളരെ മോശമായി കേട്ടാലറയ്ക്കുന്ന പദപ്രയോഗമാണ് തെരുവ് ഗുണ്ട നടത്തിയത്. ഇങ്ങനെയൊക്കെ പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്ന് കുഞ്ഞാലിക്കുട്ടി വിചാരിക്കുന്നുവെങ്കിൽ ആ വിചാരം തെറ്റാണ്. 2006ൽ സംഭവിച്ചതല്ല സംഭവിക്കുക. ലെറ്റസ് വെയ്റ്റ് ആൻഡ് സീ..'' -ജലീൽ പറഞ്ഞു.
ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാൻ മകൻ മുഈനലിയെ ഏൽപിച്ചതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിൻ്റെ കോപ്പി കഴിഞ്ഞ ദിവസം ജലീൽ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. കഴിഞ്ഞദിവസം കോഴിക്കോട് ലീഗ് ഓഫിസിൽ ചന്ദ്രികയുടെ ബാധ്യതകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ മുഈനലി തങ്ങൾ വലിഞ്ഞുകയറി ചെന്നതല്ല എന്ന് പറഞ്ഞാണ് ഇത് പോസ്റ്റ് ചെയ്തത്.
ആരും ഉത്തരവാദിത്തം ഏൽപിക്കാതെയാണ് മുഈനലി തങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് എന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി വാർത്താകുറിപ്പിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കത്ത് പുറത്തുവിട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഹൈദരലി ശിഹാബ് തങ്ങൾക്കും അദ്ദേഹത്തെ പരിചരിക്കുന്ന മകൻ മുഈനലി തങ്ങൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്കും ആവശ്യമായ സംരക്ഷണം സർക്കാർ ഒരുക്കണമെന്നും ജലീൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.