യു.ഡി.എഫിനെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യം -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: യു.ഡി.എഫിനെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിന്‍റെ അടിത്തറ ശക്തമാണ്. എൽ.ഡി.എഫിന് മുൻപുണ്ടായിരുന്ന മേൽകൈ ഇപ്പോഴില്ല. ഉപതെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വിജയം സുനിശ്ചിതമാണ്. യു.ഡി.എഫ് ഭരിക്കുമ്പോൾ ജനങ്ങളിൽ ഏറെ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട്, ചവറ മണ്ഡലങ്ങളിൽ ദീർഘകാലത്തെ വ്യക്തിപരമായ ബന്ധമുണ്ട്. യു.ഡി.എഫിന്‍റെ പരമ്പരാഗത വോട്ടുകൾ ഏകോപിപ്പിക്കും. ഇതിനായി മണ്ഡലങ്ങളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കും. യു.ഡി.എഫിന് പുറത്ത് ഒരു രാഷ്ട്രീയ സഖ്യവുമില്ല. പ്രാദേശിക സഖ്യങ്ങളെ കുറിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തമാകും.
കേരളാ കോൺഗ്രസിലെ തർക്കം തീർക്കുക വിഷമകരമാണ്. കേരളാ കോൺഗ്രസ് രണ്ടായെന്നും ഇനി യോജിപ്പ് എളുപ്പമല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നണി തീരുമാനം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജോസ് വിഭാഗത്തെ മാറ്റിനിർത്തിയത്. ജോസ് കെ. മാണിയുടെ പ്രതികരണം അനുസരിച്ചാണ് തുടർ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുക. യു.ഡി.എഫ് യോഗത്തിലെ തീരുമാനം അനുസരിച്ച് മാത്രമാണ് ഇനി അനുരഞ്ജന നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ എം.പിയായി തുടരും. പാർട്ടി ഏൽപ്പിച്ച ജോലി നന്നായി പൂർത്തിയാക്കും. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകും. താൻ നിയമസഭയിലേക്ക് മൽസരിക്കുമോ എന്നത് ഇപ്പോൾ ചർച്ചയായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.