Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഞ്ഞനന്തൻ...

കുഞ്ഞനന്തൻ ജയിലിൽവെച്ച് പല കാര്യങ്ങൾ പറഞ്ഞു, മരണത്തിൽ ദുരൂഹതയുണ്ട്; തെളിവ് ഹാജരാക്കാമെന്ന് കെ.എം. ഷാജി

text_fields
bookmark_border
PK Kunjananthan, KM Shaji
cancel

കണ്ണൂർ: ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തനുമായി താൻ പല തവണ സംസാരിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. കുഞ്ഞനന്തൻ പറഞ്ഞ പലതും ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. കുഞ്ഞനന്തന്റെ മരണത്തിന് മുമ്പ് ഒരു വി.വി.ഐ.പി. ജയിൽ സന്ദർശിച്ചിട്ടുണ്ട് ആവർത്തിച്ച ഷാജി, മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കി.

തെളിവുള്ളതു കൊണ്ടാണ് ആരോപണം ഉന്നയിക്കുന്നത്. ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു തീർക്കാനുള്ള കാര്യമല്ലിത്. ഇടത് സർക്കാർ അന്വേഷണത്തിന് ഉത്തരവിടുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് ഈ ആരോപണം ഉന്നയിച്ചതിന് തന്റെ പേരിൽ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അതുവഴി തനിക്ക് തെളിവ്‌ ഹാജരാക്കാൻ അവസരം കിട്ടും. അതല്ലെങ്കിൽ മറ്റ് നിയമവഴി തേടുമെന്നും ഷാജി വ്യക്തമാക്കി.

കൊലപാതകാനന്തരം നടക്കുന്ന വിക്രിയകൾ മാധ്യമങ്ങളും ജനങ്ങളും മറുന്നുപോകുന്നു. കുഞ്ഞനന്തൻ മരിക്കുന്ന വേളയിൽ സെൻട്രൽ ജയിൽ ഉൾപ്പെടുന്ന പ്രദേശത്തെ എം.എൽ.എയായിരുന്നു താൻ. ജനപ്രതിനിധി എന്ന നിലയിൽ സ്വാഭാവികമായും തനിക്ക് കൂടുതൽ വിവരങ്ങൾ കിട്ടും.

കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകക്കേസുകളിലെ പല പ്രതികളുടെയും മരണത്തിൽ സംശയമുണ്ട്. വയലിന്റെ നടുവിലിട്ട് ഒരു കുട്ടിയെ വെട്ടിക്കൊല്ലുകയും ചന്ദ്രശേഖരനെ 51 വെട്ടിന് കൊല്ലുകയും ചെയ്യുന്ന അതിക്രൂരന്മാരായ ആളുകൾ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.

കൊന്നവനെ കൊല്ലുക, തെളിവ് നശിപ്പിക്കുക തുടങ്ങിയവ കേരളത്തിൽ പ്രായോഗികമാക്കുന്നത് സി.പി.എമ്മാണ്. ഫസൽ വധക്കേസിലെ മൂന്ന് പ്രതികൾ കൊല്ലപ്പെട്ടു. ഷുക്കൂർ വധക്കേസിലെ പ്രധാന പ്രതിയും മറ്റൊരു പ്രതിയുടെ ഭാര്യയും ആത്മഹത്യ ചെയ്തു. മൻസൂർ വധക്കേസിൽ പ്രധാന പ്രതി വളയത്തു പോയി ആത്മഹത്യ ചെയ്തു. ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് വ്യക്തമായ അന്വേഷണം വേണം.

ഒരു പരിപാടിക്ക് ജയിലിൽച്ചെന്നപ്പോൾ സാത്വികഭാവത്തിന്റെ മുഖംമൂടിയുള്ള കുഞ്ഞനന്തൻ തന്നെ ഇങ്ങോട്ടുവന്ന് പരിചയപ്പെടുകയായിരുന്നു. ജയിലിൽ കുടിവെള്ള ക്ഷാമമുണ്ടെന്ന് ഡി.ഐ.ജിയുടെ മുമ്പിൽവെച്ചാണ് പറഞ്ഞത്. ജയിലറും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് ജയിലിൽ കുഴൽക്കിണർ കുഴിച്ചത്. ജയിലിലെ ലൈബ്രറി നന്നാക്കണമെന്നും കുഞ്ഞനന്തൻ ആവശ്യപ്പെട്ടതായും കെ.എം. ഷാജി വ്യക്തമാക്കി.

ടി.പി വധക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായ കുഞ്ഞനന്തൻ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്നാണ് കെ.എം. ഷാജി നേരത്തെ പറഞ്ഞിരുന്നത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലുമെന്നും ഷാജി പറഞ്ഞിരുന്നു.

ഇതേതുടർന്ന്, അച്ഛന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്നും അൾസർ മൂര്‍ച്ഛിച്ചാണ് അച്ഛൻ മരിച്ചതെന്നും വ്യക്തമാക്കി കുഞ്ഞനന്തന്റെ മകള്‍ ഷബ്ന മനോഹരൻ രംഗത്തു വന്നിരുന്നു. കുഞ്ഞനന്തന് മനപ്പൂർവം ചികിത്സ വൈകിപ്പിച്ചത് യു.ഡി.എഫ് സര്‍ക്കാറാണ്. അതിനാലാണ് അള്‍സര്‍ ഗുരുതരമായത്. കുഞ്ഞനന്തനെ യു.ഡി.എഫ് കൊന്നതാണെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നുവെന്നും ഷബ്ന പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TP CasePK KunjananthanKM Shaji
News Summary - PK Kunjananthan said many things in prison; K.M. Shaji said that he can present the evidence
Next Story