സുരേന്ദ്രൻ നൽകിയ പണത്തിൽ നിന്നും ജാനു നാലര ലക്ഷം സി.കെ. ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറി –പി.കെ. നവാസ്
text_fieldsസുൽത്താൻ ബത്തേരി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നൽകിയ കോഴപ്പണത്തിൽ നാലര ലക്ഷം രൂപ സി.കെ. ജാനു കൽപറ്റ മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ. ശശീന്ദ്രെൻറ ഭാര്യക്ക്് കൈമാറിയെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്.ഇവർ ജോലിചെയ്യുന്ന കൽപറ്റയിലെ സഹകരണ ബാങ്കിലെത്തിയാണ് പണം കൈമാറിയത്. കോഴ ആരോപണത്തിൽ സുൽത്താൻ ബത്തേരി പൊലീസെടുത്ത കേസിൽ മൊഴി രേഖപ്പെടുത്തിയശേഷം പരാതിക്കാരനായ നവാസ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ബി.ജെ.പി നൽകുന്ന പണം സി.പി.എം നേതാവിന് കൈമാറാൻ ജാനു ഇരുവർക്കുമിടയിൽ പ്രവർത്തിക്കുകയാണ്. ഇതിലൂടെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാരയാണ് പുറത്തുവരുന്നത്. ശശീന്ദ്രെൻറ ഭാര്യക്ക് നേരിട്ടെത്തി പണം നൽകിയ ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കണം. മാർച്ച് രണ്ടിന് കോട്ടയം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപമുള്ള ബി.ജെ.പി നേതാവിെൻറ വീട്ടിൽ വെച്ചാണ് ജാനു, പ്രസീത അഴീക്കോട്, ബി.ഡി.ജെ.എസ് വയനാട് ജില്ല നേതാവ് ശ്രീലേഷ് എന്നിവരുമായി സുരേന്ദ്രൻ ചർച്ച നടത്തിയത്. ഇവിടെ വെച്ചാണ് ഡീൽ ഉറപ്പിക്കുന്നത്. തുടർന്ന് അരമണിക്കൂറോളം സുരേന്ദ്രൻ ജാനുവുമായി ഒറ്റക്ക് സംസാരിച്ചു. അതിെൻറ അടിസ്ഥാനത്തിലാണ് ഏഴിന് തിരുവനന്തപുരത്തെ ഹൊറൈസൺ ഹോട്ടലിലെ 503ാം നമ്പർ റൂമിൽ വെച്ച് പത്തുലക്ഷം രൂപ കൈമാറിയത്.
ജാനു പണം എന്തിനൊക്കെ ചെലവാക്കി എന്നതിനെ കുറിച്ചുള്ള തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. പത്തുലക്ഷം രൂപയുമായി മാർച്ച്് എട്ടിന് വൈകീട്ട് വയനാട്ടിലെത്തിയ ജാനു നാലര ലക്ഷം രൂപ ശശീന്ദ്രെൻറ ഭാര്യ ജോലിചെയ്യുന്ന കൽപറ്റയിലെ സഹകരണ ബാങ്കിെൻറ ശാഖയിൽ നേരിട്ടെത്തി കൈമാറുകയായിരുന്നു -നവാസ് ആരോപിക്കുന്നു. ബാക്കി പണം ജാനു നാട്ടിലെ വ്യാപാരസ്ഥാപനങ്ങൾക്കും നൽകി. അതിെൻറ വിശദാംശങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിനു പുറമെ 25 ലക്ഷം രൂപ ബത്തേരിയിലെ ഹോംസ്റ്റേയിൽ വെച്ചും പിന്നീട് പല തവണകളായി 75 ലക്ഷം രൂപയും ജാനുവിന് കൈമാറിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടത്തണമെന്നും നവാസ് ആവശ്യപ്പെട്ടു. കോഴ ആരോപണത്തിൽ സുരേന്ദ്രനെതിരെയും ജാനുവിനെതിരെയും പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.