എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് അറസ്റ്റിൽ
text_fieldsകോഴിക്കോട്: വനിത നേതാക്കളോട് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.െക. നവാസിനെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു. നോട്ടീസ് നൽകിയ പ്രകാരം വെള്ളിയാഴ്ച രാവിലെ ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിയ നവാസിനെ ഇൻസ്പെക്ടർ സി. അനിതകുമാരിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷമാണ് സ്ത്രീകളോട് ലൈംഗികാധിക്ഷേപം നടത്തിയതിന് ശിക്ഷ നിയമത്തിലെ 354 എ വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ടുപേരുടെ ആൾ ജാമ്യത്തിലാണ് വിട്ടയച്ചത്.
ജൂണിലാണ് കേസിനാസ്പദ സംഭവം. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിനിെട പോഷകസംഘടനയായ 'ഹരിത'യിെല നേതാക്കളോട് നവാസ് ലൈംഗിക പരാമർശം നടത്തിയെന്ന് കാട്ടി പത്തോളം വനിതകൾ വനിത കമീഷന് പരാതി നൽകുകയായിരുന്നു. കമീഷൻ പരാതി സിറ്റി പൊലീസ് മേധാവി എ.വി. ജോർജിന് കൈമാറിയതിനു പിറകെ വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അന്വേഷണത്തിനായി ചെമ്മങ്ങാട് സി.ഐയെ ചുതലപ്പെടുത്തി. പരാതിക്കാരിൽ നിന്ന് മൊഴിയെടുത്തശേഷമാണ് നവാസിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
ഫോണിലൂടെ അസഭ്യവാക്കുകൾ പറഞ്ഞതായി എം.എസ്.എഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ വഹാബിനെതിരെയും പരാതിയുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നും ഇൻസ്പെക്ടർ അനിതകുമാരി പറഞ്ഞു. സംഭവ ദിവസത്തെ യോഗത്തിെൻറ മിനുട്സ് ബുക്ക് സ്റ്റേഷനിൽ ഹാജരാക്കാൻ എം.എസ്.എഫ് ഭാരവാഹികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതു പരിശോധിച്ച ശേഷമായിരിക്കും തുടർനടപടിയെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം ഹരിത പ്രവർത്തകരെ അപമാനിച്ചില്ലെന്നും കേസ് നിയമപരമായി നേരിടുമെന്നും സ്റ്റേഷനുമുന്നിൽ നവാസ് മാധ്യമങ്ങേളാട് പറഞ്ഞു. അർധസത്യവും അസത്യവുമാണ് മാധ്യമങ്ങളിൽ വരുന്നത്. താൻ സ്ഥാനത്ത് തുടരണമോ എന്നെല്ലാം മുസ്ലിം ലീഗാണ് തീരുമാനിക്കേണ്ടതെന്നും പാർട്ടിയുടെ അനുമതിയോടെ അടുത്ത ദിവസം മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ എം.എസ്.എഫിെൻറയും 'ഹരിത'യുടെയും ഭാരവാഹികളെ വിളിച്ചുവരുത്തി മുസ്ലിം ലീഗ് നേതൃത്വം ചർച്ച നടത്തുകയും ഖേദം പ്രകടിപ്പിക്കാൻ എം.എസ്.എഫിനും വനിത കമീഷനിലെ പരാതി പിൻവലിക്കാൻ 'ഹരിത' ഭാരവാഹികൾക്കും നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ 'ഹരിത' പരാതി പിൻവലിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.