'ആ രക്തക്കറ എം.എസ്.എഫ് ചെലവിൽ കഴുകിക്കളയണ്ട'; സിദ്ധാർത്ഥന്‍റെ ദുരൂഹ മരണത്തിൽ വാർത്താസമ്മേളനം നടത്തിയയാൾ സംഘടനാംഗമല്ലെന്ന് പി.കെ. നവാസ്
text_fieldsമലപ്പുറം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്‍റെ ദുരൂഹ മരണത്തിൽ എം.എസ്.എഫുകാരനാണെന്ന് അവകാശപ്പെട്ട് വാർത്താസമ്മേളനം നടത്തിയ വിദ്യാർഥിക്ക് സംഘടനയുമായി ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ്. സി.പി.എം കുടുംബ പശ്ചാത്തലമുള്ള വിദ്യാർഥിയാണ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയതെന്നും പി.കെ. നവാസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പി.കെ. നവാസിന്‍റെ കുറിപ്പ്
ആ രക്തക്കറ എം.എസ്.എഫ് ചെലവിൽ കഴുകിക്കളയണ്ട. മൂന്നു ദിവസം തടവിലാക്കി തല്ലിക്കൊന്നിട്ട് തന്നെ വേണോ എം.എസ്.എഫിന്‍റെ പേരിൽ ഈ കള്ളം മെനയൽ? ഹോസ്റ്റലിലെ ഒരു എസ്.എഫ്.ഐ അംഗം തനിക്ക് പറ്റിയ നാല് പേരെ വെച്ച് നടത്തിയ നാടകം വളരെ നീചമായ പ്രവൃത്തിയാണ്. എം.എസ്.എഫുമായി യാതൊരു ബന്ധവുമില്ലാത്ത, അന്വേഷണത്തിൽ തികഞ്ഞ സി.പി.എം പശ്ചാത്തലമുള്ള കുടുംബാംഗമായ ഒരാളാണ് എം.എസ്.എഫ് ആണെന്ന അവകാശ വാദവുമായി വന്നിരിക്കുന്നത്.
എസ്.എഫ്.ഐ സമ്മേളനത്തിൽ പരസ്യമായി പങ്കെടുത്ത അധ്യാപകർ ഈ കേസിലുണ്ട്. പ്രതികളിൽ പലരും പിടിക്കപ്പെടുന്നത് പാർട്ടി ആപ്പീസിൽ നിന്ന്. ഈ കേസ് അട്ടിമറിക്കാൻ പൊലീസ് നടത്തിയ നീക്കം വളരെ വ്യക്തമാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ ആനയിക്കുന്നത് സി.പി.എം നേതാക്കളാണ്.
ഇത്രയും വ്യക്തമായ സി.പി.എമ്മിന്റെ ഗൂഢാലോചന നടന്ന ഈ കേസിൽ ഇനിയും ആരെ പറ്റിക്കാനാണ് സി.പി.എമ്മും എസ്.എഫ്.ഐയും ചേർന്ന് ഈ നാടകം കളിക്കുന്നത്??
നിങ്ങൾ എം.എസ്.എഫ് വേഷമണിയിച്ച് കൊണ്ടുവന്ന ആ വിദ്യാർഥി നിങ്ങളുടെ പ്ലാൻ പ്രകാരം കളിച്ചതാണോ അതോ നിങ്ങളുടെ കസ്റ്റഡിയിൽ നിന്ന് ഇപ്പോഴും അവൻ മോചിതനായിട്ടില്ലേ?? ഇത്രയും നാൾ ഈ വിദ്യാർഥികളെ നിങ്ങൾ എവിടെ തടവിൽ വെച്ചിരുന്നു.
ഒരുത്തനെ തല്ലി തല്ലി മൂന്നു ദിവസമെടുത്ത് കൊന്ന് കളയുന്നത് വരെ വേദനിക്കാത്ത ഹൃദയങ്ങൾക്കും പ്രതികരിക്കാത്ത മനസ്സുകൾക്കും ചാനലിൽ എസ്.എഫ്.ഐക്കെതിരെ വാർത്ത വരുമ്പോൾ മാത്രം വേദന വരുന്നതും പ്രതികരണ ശേഷി തിരിച്ച് കിട്ടുന്നതും കാണുമ്പോൾ ഒന്നുറപ്പിച്ച് പറയാം, ഈ നാടകം കൊണ്ടൊന്നും സിദ്ധാർത്ഥന്‍റെ രക്തക്കറ മായിച്ച് കളയാൻ എസ്.എഫ്.ഐക്കാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.