ഗവർണർ - എസ്.എഫ്.ഐ പോര് കൂട്ട് കച്ചവടത്തിലെ തർക്കം മാത്രം -എം.എസ്.എഫ്
text_fieldsതേഞ്ഞിപ്പലം: ഗവർണറും സർക്കാറും തമ്മിലുള്ള കൂട്ടുകച്ചവടത്തിലെ തർക്കമാണ് ഇപ്പോൾ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലും കണ്ടുകൊണ്ടിരിക്കുന്നത് എന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. സർവകലാശാലകളിൽ മാത്രമല്ല ഭരണഘടനാപദവി ഉപയോഗപ്പെടുത്തി ആർ.എസ്.എസ് അജണ്ടകളെ കേരളത്തിൽ നടപ്പിലാക്കാൻ ഗവർണർക്ക് സഹായം ചെയ്തു കൊടുത്തത് ഇടതുപക്ഷ സർക്കാറാണെന്നും നവാസ് കുറ്റപ്പെടുത്തി. യൂനിവേഴ്സിറ്റി കാമ്പസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നവാസ്.
പിൻവാതിൽ നിയമനങ്ങൾ അടക്കം നടത്തിയ സർക്കാറിന് വേണ്ടി ഗവർണർ കണ്ണടച്ച് മൗനം പാലിച്ചിരുന്നത് നമ്മൾ കണ്ടതാണ്. കണ്ണൂർ യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ നിയമനം കോടതി റദ്ദാക്കിയതോടെയാണ് ഇവർ തമ്മിലെ ചെങ്ങാത്ത രാഷ്ട്രീയം നമ്മൾ കണ്ടത്.
കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റിന്റെ കാലാവധി കഴിഞ്ഞിട്ടും പുതിയ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടത്താതെ അക്കാദമിക് മാനദണ്ഡങ്ങൾ പാലിക്കാതെ രാഷ്ട്രീയ മാനദണ്ഡങ്ങൾ മാത്രം പാലിച്ച് നോമിനേറ്റഡ് സിൻഡിക്കേറ്റ് നിലവിൽ വരികയും ചെയ്തിരുന്നു. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നിയമനങ്ങളും വിദ്യാർത്ഥി വിരുദ്ധ നിലപാടുകളും കൈക്കൊണ്ടപ്പോൾ ഒന്ന് പ്രതിഷേധിക്കാൻ പോലും ഈ പോരിന് നേതൃത്വം കൊടുക്കുന്ന എസ്.എഫ്.ഐക്ക് കഴിയാത്ത പോയത് എന്തുകൊണ്ടാണ്.
വിദ്യാർഥികളുടെ ഫീസ് വർധനവ്, പരീക്ഷ നടത്താത്തതും പരീക്ഷാഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കാത്തതും വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം ലഭ്യമാക്കാത്തതും അടക്കം പ്രശ്നങ്ങളിൽ ഒരക്ഷരം മിണ്ടാതിരിക്കുകയും ഇപ്പോൾ തെരുവിൽ പ്രതിഷേധിക്കുകയും ചെയ്യുന്ന വിദ്യാർത്ഥി സംഘടനയുടെ കപടത വിദ്യാർഥി സമൂഹം തിരിച്ചറിയും.
കാലിക്കറ്റ് സർവകലാശാല അടക്കമുള്ള സ്ഥാപങ്ങളിൽ ഡി.വൈ.എഫ്.ഐ നേതാക്കളെ ഉൾപ്പെടെ സിൻഡിക്കേറ്റിലേക്ക് നോമിനേറ്റ് ചെയ്ത് ഇവർ നടത്തി വന്നിരുന്ന കൂട്ടുകച്ചവടത്തിലെ തർക്കമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കാമ്പസ്, സ്കൂൾ, പോളി ടെക്ടനിക് തെരെഞ്ഞെടുപ്പുകളിലെ പരാജയത്തെ മറക്കുന്നതിന് എസ്.എഫ്.ഐ നടത്തുന്ന സമര നാടകം മാത്രമാണ് ഇപ്പോൾ അരങ്ങ് വാഴുന്നത് എന്നും നവാസ് വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.