ഗ്രൂപ്പിന്‍റെ വക്താവായി വളർന്നു: സസ്പെൻഷൻ പാർട്ടിയിൽ ചലനമുണ്ടാക്കും
text_fieldsപാലക്കാട്: സി.പി.എമ്മിൽ വിഭാഗീയത കൊടുമ്പിരി കൊണ്ട നാളുകളിൽ ജില്ലയിലെ ഔദ്യോഗിക വിഭാഗത്തിന്‍റെ മുന്നണിപ്പോരാളിയായി വളർന്ന് പാർട്ടിയുടെ മുഖമായി മാറിയ പി.കെ.ശശിയുടെ സസ്പെൻഷൻ പാലക്കാട്ടെ സി.പി.എമ്മിൽ ഉണ്ടാക്കുന്ന ചലനം ചെറുതായിരിക്കില്ല. വിവിധ കാലങ്ങളിലായി ശശിയോട് ഇടഞ്ഞ് സംഘടനരംഗത്ത് ഒതുക്കപ്പെട്ട പലരും പുതിയ സാഹചര്യത്തിൽ കരുത്തരായി തിരിച്ചുവരും.
ജില്ലയിലെ പാർട്ടിയെ ശശി കൈപ്പിടിയിലാക്കിയിട്ട് വർഷങ്ങളാവുന്നു. എതിർ സ്വരം ഉയർത്തുന്നവർ സ്വന്തം ചേരിയിലുള്ളവർ ആയാൽ പോലും വെട്ടി ഒതുക്കി മുന്നേറിയ ശശിയുടെ പുറത്തേക്കുള്ള വഴി തുറന്നത് പാർട്ടി നേതൃത്വത്തിന് ഡി.വൈ.എഫ്.ഐ വനിത നേതാവ് നൽകിയ ലൈംഗികാരോപണ പരാതിയിലാണ്. പത്ത് വർഷത്തോളമായി പാലക്കാട്ടെ സി.പി.എം ഔദ്യോഗിക നേതൃത്വത്തിന്‍റെ അവസാന വാക്കായിരുന്ന ശശിക്കെതിരെ സ്വന്തം ചേരിയിൽ നിന്നുള്ള ആദ്യ വിമതസ്വരം ഉയർന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്താണ്. ഷൊർണൂർ, ഒറ്റപ്പാലം നിയജകമണ്ഡലങ്ങളുടെ പേരിൽ ശശിയുമായി ഉടക്കിയ പി.കെ.സുധാകരനും എം.ഹംസയും ഔദ്യോഗിക വിഭാഗത്തിനിടയിൽ കൂറു ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിച്ചതിന്‍റെ ഭാഗമായിരുന്നു സി.ഐ.ടി.യു ജില്ല സമ്മേളനത്തിൽ നേതൃത്വം മുന്നോട്ട് വെച്ച പാനലിനെ തള്ളി എം.ഹംസ സി.ഐ.ടി.യു ജില്ല സെക്രട്ടറിയായത്.
അതിന് ശശി മറുപടി നൽകിയത് മണ്ണാർക്കാട് നടന്ന സി.പി.എം ജില്ല സമ്മേളനത്തിലായിരുന്നു. തന്നെ എതിർത്തിരുന്ന നേതാക്കൾക്കുള്ള കുറ്റപത്രമായിരുന്നു സമ്മേളനത്തിൽ ജില്ല സെക്രട്ടറി സി.കെ.രാജേന്ദ്രൻ അവതരിപ്പിച്ച സംഘടന റിപ്പോർട്ട്. തുടർന്ന്, ജില്ല സെക്രട്ടേറിയേറ്റ് രൂപികരിച്ചപ്പോൾ ഹംസയേയും സുധാകരനേയും ഒഴിവാക്കി. വിശ്വസ്തരെ കുത്തികയറ്റിയാണ് ശശി പാർട്ടി നേതൃത്വത്തെ കൈപ്പിടിയിൽ തന്നെ ഒതുക്കിയത്.
ശശി പുറത്ത് പോവുന്നതോടെ ജില്ലയിലെ പാർട്ടിക്കകത്തുള്ള ഗ്രൂപ്പ് സമവാക്യങ്ങളിൽ കാര്യമായ മാറ്റം സംഭവിക്കും. പാർട്ടി അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷം നടന്ന ജില്ല സെക്രട്ടേറിയേറ്റ് യോഗം അതിന്‍റെ തെളിവായിരുന്നു. പരാതി അറിഞ്ഞിട്ടും സെക്രട്ടേറിയേറ്റിൽ നിന്ന് മറച്ചുപിടിച്ച ജില്ല സെക്രട്ടറി സി.കെ.രാജേന്ദ്രന്‍റെ നിലപാടിനെതിരെ ഭൂരിപക്ഷം രംഗത്തു വന്നു. ശശിയെ സംരക്ഷിക്കുന്ന നിലപാടാണ് സി.കെ.രാജേന്ദ്രൻ കൈകൊണ്ടത് എന്ന ആരോപണം പോലും യോഗത്തിൽ ഉയർന്നു. ശശിയെ പിന്തുണച്ചിരുന്ന സെക്രട്ടേറിയേറ്റിലെ സിംഹഭാഗവും കളം മാറുന്നതിന്‍റെ വ്യക്തമായ സൂചനയായിരുന്നു അന്നത്തെ സെക്രട്ടേറിയേറ്റ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.