ശശി വിവാദം: ഒത്തുതീർപ്പ് നീക്കത്തിന് അകത്തുനിന്ന് തിരിച്ചടി
text_fieldsപാലക്കാട്: പി.കെ. ശശി എം.എൽ.എക്കെതിരായ ലൈംഗികാരോപണ പരാതി പിൻവലിപ്പിക്കാനോ പേരിന് മാത്രമുള്ള നടപടിയിൽ ഒതുക്കാനോ നടത്തുന്ന ശ്രമങ്ങൾക്ക് തിരിച്ചടി. ശക്തമായ നിലപാടുമായി മുന്നോട്ട് പോകാൻ പരാതിക്കാരിക്ക് പിന്തുണ നൽകിയ സി.പിഎം-ഡി.വൈ.എഫ്.െഎ നേതാക്കൾ തീരുമാനിച്ചതായാണ് സൂചന. എം.എൽ.എ ഉയർത്തിയ ഗൂഢാലോചന സിദ്ധാന്തം പാർട്ടി കമീഷൻ പരിശോധിക്കട്ടെയെന്നും ഉചിതമായ നടപടി കൈകൊള്ളുമെന്നുമാണ് പ്രതീക്ഷയെന്നും പരാതിക്കാരിയോട് അടുപ്പമുള്ള നേതാക്കൾ പറഞ്ഞു.
പരാതിക്കാരിയുടെ സമ്മതമില്ലാതെ നടപടിയൊതുക്കുന്നത് വിഷയം നിയമപ്രശ്നങ്ങളിലേക്ക് നീങ്ങുമെന്നതിനാൽ അവരുടെ കൂടി തീരുമാനത്തോടെ ആർക്കും പ്രശ്നമില്ലാത്ത രീതിയിൽ വിഷയം തീർക്കാമെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗത്തിെൻറ കണക്കുകൂട്ടൽ.
ഇതിനെ അസ്ഥാനത്താക്കിയാണ് പെൺകുട്ടിയോട് അടുപ്പമുള്ള നേതാക്കൾ കടുത്ത നിലപാട് തുടരുന്നത്. കമീഷൻ റിപ്പോർട്ട് പാർട്ടി എന്ന് പരിഗണിക്കുമെന്ന് അറിയില്ലെങ്കിലും പരാതിയിൽ ന്യായമുള്ളതുകൊണ്ട് എം.എൽ.എക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് നേതാക്കൾ പറയുന്നു. വിഷയം ഒത്തുതീർപ്പിെൻറ വക്കിലാണെന്ന രീതിയിൽ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത് പരാതിയുടെ ഗൗരവം ചോർത്തിക്കളയാനാണെന്നും ഇവർ ആരോപിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലായി നടന്ന സി.പി.എം സംസ്ഥാന സമിതിയുടെ പരിഗണനയിൽ അന്വേഷണ കമീഷൻ റിപ്പോർട്ട് വരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. അന്വേഷണ റിപ്പോർട്ട് പൂർത്തിയായിട്ടില്ലെന്ന് കമീഷൻ അംഗങ്ങൾ നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
ശശിക്കെതിരെ പേരിനുള്ള അച്ചടക്ക നടപടിയിൽ വിഷയം ഒതുങ്ങിയാൽ പെൺകുട്ടിക്ക് പിന്തുണ നൽകിയ നേതാക്കളുടെ പാർട്ടിയിലെ നിലനിൽപ് പരുങ്ങലിലാവും. ജില്ലയിലെ ഔദ്യോഗിക നേതൃത്വത്തിെൻറ മുഖമായ, സംസ്ഥാന നേതൃത്വവുമായി അടുപ്പം പുലർത്തുന്ന ശശിയെ എതിരിട്ട് നേതൃത്വത്തിൽ തുടരുകയെന്നത് ശ്രമകരമാവുമെന്നതും കടുത്ത നിലപാട് തുടരാൻ പ്രേരിപ്പിക്കുന്നുണ്ട്. അടുത്ത ആഴ്ച നടക്കുന്ന സംസ്ഥാന-സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ കമീഷൻ റിപ്പോർട്ട് പരിഗണിക്കാനാണ് സാധ്യത. പാർട്ടിയിൽ നിന്ന് പ്രതീക്ഷിച്ച നടപടി ഉണ്ടായില്ലെങ്കിൽ അടുത്തത് എന്ത് എന്ന ചർച്ചകളും പെൺകുട്ടിയെ പിന്തുണക്കുന്നവർക്കിടയിൽ സജീവമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.