പാലക്കാട്ടെ പാതിരാ റെയ്ഡ്: മാധ്യമപ്രവർത്തകന്‍റെ നേരിട്ടുള്ള ചോദ്യത്തിന് മറുപടി പറയാതെ പി.കെ ശ്രീമതി
text_fieldsപാലക്കാട്: കോൺഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയിൽ പൊലീസ് അതിക്രമിച്ച് കയറിയ സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. വനിതകളുടെ മുറിയിലേക്ക് വനിതാ പൊലീസ് ഇല്ലാതെ കയറുന്നത് ശരിയാണോ എന്ന മാധ്യമപ്രവർത്തകന്‍റെ നേരിട്ടുള്ള ചോദ്യത്തിനാണ് മറുപടി പറയാതെ പി.കെ. ശ്രീമതി ഒഴിഞ്ഞു മാറിയത്.
ഒരു ഹോട്ടലിൽ യു.ഡി.എഫ് നേതൃത്വം കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞാൽ തെരഞ്ഞെടുപ്പ് കമീഷൻ ആരാണെന്ന് നോക്കിയല്ല വാതിലിൽ മുട്ടുന്നതെന്നാണ് പി.കെ. ശ്രീമതി പറഞ്ഞത്. സ്ത്രീകൾ മാത്രമേ ഉള്ളൂവെന്ന് മനസിലായതോടെ വനിതാ പൊലീസുകാർ എത്തിയെന്നാണ് അറിയാൻ കഴിഞ്ഞത്. ഹോട്ടലിലെ പന്ത്രണ്ടോളം മുറികൾ പരിശോധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം സ്വഭാവികമായുള്ള റെയ്ഡ് ആണ് നടന്നതെന്നും പി.കെ. ശ്രീമതി പറഞ്ഞു.
കള്ളപ്പണം ഒളിപ്പിക്കാൻ അവർക്ക് സാമർഥ്യമുണ്ട്. യു.ഡി.എഫ് പല രീതിയിലുള്ള പ്രസ്താവനകൾ ഇറക്കും. അതിൽ യാതൊരു വസ്തുതയുമില്ല. തെരഞ്ഞെടുപ്പ് വിജയിക്കാൻ വേണ്ടി ഏത് തന്ത്രവും പയറ്റുന്നത് ആരാണെന്ന് കേരളത്തിലെ ജനങ്ങൾ നന്നായി മനസിലാക്കിയിട്ടുണ്ട്.
ധർമരാജൻ കൊണ്ടു വന്നതിൽ നിന്ന് ബി.ജെ.പിയുടെ ഉന്നതനായ നേതാവ് നാലു കോടി രൂപ കൊടുത്തുവെന്ന് പറഞ്ഞ ചോദ്യത്തിന് ഇതുവരെ ഉത്തരം പറയാൻ പാലക്കാട്ടെ മുൻ ജനപ്രതിനിധിക്ക് സാധിച്ചിട്ടില്ലെന്നും പി.കെ ശ്രീമതി പറഞ്ഞു.
ചൊവ്വാഴ്ച അർധരാത്രിയിലാണ് ഉപതെരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് വനിതാ നേതാക്കളടക്കം താമസിക്കുന്ന ഹോട്ടൽ മുറികളിൽ പൊലീസ് പരിശോധന നടത്തിയത്. രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം നേതാക്കളുടെ കിടപ്പുമുറിയിലെത്തിയത്.
ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കൾ താമസിക്കുന്ന മുറികളിൽ വനിത ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിത ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.