പി.കെ വാര്യർ എന്ന ഏകാംഗ സർവകലാശാല
text_fieldsകോട്ടക്കൽ നാരായണൻ (പ്രധാന ആശാൻ - പി.എസ്.വി നാട്യസംഘം) ( പി.കെ. വാര്യരുടെ 100 ാം പിറന്നാൾ ദിനത്തിൽ ആദരവുമായി 'മാധ്യമം' പുറത്തിറക്കിയ പ്രത്യേക പതിപ്പിൽ നിന്ന്)
കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപകൻ പി.എസ്. വാര്യരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ തന്നാലാവുന്നത് എല്ലാം ചെയ്തുകൊണ്ടിരിക്കുന്നു എന്നതുതന്നെ ധന്യതയാർന്ന വാര്യർ സാറുടെ കാലഘട്ടത്തിെൻറ മഹത്വമാണ്. ഈ കാലത്ത് ജീവിക്കാനായി എന്നതാണ് നമ്മുടെയൊക്കെ മഹാഭാഗ്യം. അദ്ദേഹത്തിെൻറ ചികിത്സപാടവത്തിലുള്ള അനുഭവം വ്യത്യസ്തമാണ്. 1974-75 കാലഘട്ടത്തിലാണ് ആര്യവൈദ്യശാലയുടെ ഭാഗമായ പി.എസ്.വി നാട്യസംഘത്തിൽ കഥകളി സംഗീത വിദ്യാർഥിയായി ഞാൻ എത്തിയത്. അന്ന് കഥകളിക്കാരുടെ താമസം 'പടിയത്ത്' ആയിരുന്നു. ചിട്ടയായ അഭ്യാസക്രമങ്ങളുള്ള കാലം. ഒരുദിവസം സാധകവും മറ്റും കഴിഞ്ഞ് 8.30ന് തോടയം തുടങ്ങാൻ തക്കവണ്ണം വിശ്വംഭര ക്ഷേത്ര പരിസരത്തുള്ള അഭ്യാസക്കളരിയിലേക്ക് എത്തണമായിരുന്നു. കൂട്ടത്തിൽ അച്ഛെൻറയും അമ്മയുടെയും മരുന്നുശീട്ടുകൾ ഒപ്പുവെച്ചുതരുന്നതിനായി അദ്ദേഹത്തെ സമീപിക്കുകയും വേണം.
ഞാൻ കൈലാസ മന്ദിരത്തിെൻറ ഗേറ്റ് കടന്നപ്പോഴേക്കും അദ്ദേഹം ഓഫിസിലേക്ക് ഇറങ്ങിയിരുന്നു. ചാറ്റൽ മഴയും ഉണ്ട്... കാര്യം നടക്കില്ലയെന്ന വിഷമത്തോടെ ഞാൻ ഒതുങ്ങിനിന്നു. അദ്ദേഹത്തിെൻറ കൂടെ അൽപം അകലത്തിനായി മുണ്ടാട്ടെ കുട്ടികൃഷ്ണൻ നായരുമുണ്ടായിരുന്നു. വാര്യർ സാർ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. കുട്ടികൃഷ്ണൻ നായർ എന്നെ പരിചയപ്പെടുത്തുന്നതുപോലെ ''കഥകളീൽത്തെ കുട്ട്യാണ്'' എന്നു പറഞ്ഞു. ''ങാ, നിക്കറിയാം. നെടുങ്ങാടിടെ മകൻ നാരായണൻ''. അദ്ദേഹം എെൻറ കൈയിൽനിന്ന് ശീട്ടുകൾ വാങ്ങി ഒന്നു കണ്ണോടിച്ചു. ''പ്രത്യേകിച്ചൊന്നുമില്ലല്ലോ''. ''ഇല്ല''യെന്നു ഞാൻ പറഞ്ഞു.
കുട കഴുത്തിൽ ഇറുക്കിപിടിച്ച് അദ്ദേഹം കൈയിൽ ഉണ്ടായിരുന്ന ബാഗിെൻറ പുറത്തുവെച്ച് ശീട്ടുകൾ ഒപ്പുവെച്ചു തന്നു. തുടർന്ന്ചിരിച്ചുകൊണ്ട് ''കളരീൽക്ക് പൊയ്ക്കോളൂ. തോടയം തുടങ്ങേണ്ടേ'' എന്ന് ചോദിച്ച് അദ്ദേഹം ഓഫിസിലേക്ക് നടന്നു നീങ്ങി.
ആര്യവൈദ്യശാല ധർമാശുപത്രിയിൽ അമ്മയെ അഡ്മിറ്റ് ചെയ്ത സമയം. ഞായറാഴ്ചകളിൽ പി.കെ. വാര്യർ അവിടെ വന്ന് എല്ലാ രോഗികളുടെയും വിവരങ്ങൾ അന്വേഷിക്കും. ഒരുദിവസം അദ്ദേഹത്തിെൻറ സന്ദർശന സമയത്ത് അമ്മക്ക് ശ്വാസംമുട്ടൽ അധികമായിരുന്നു. അമ്മ കിടക്കുന്ന മുറിയിൽ എത്തി. അദ്ദേഹം അമ്മയെ ആകെയൊന്ന് നിരീക്ഷിച്ച് കൂടെ ഡ്യൂട്ടിയിലുള്ള നഴ്സിെൻറ മുഖത്തേക്ക് ചോദ്യഭാവത്തിൽ ഒന്നുനോക്കി. ഉച്ചതിരിഞ്ഞുള്ള ഇഞ്ചക്ഷൻ കൊടുത്തിട്ടുണ്ട് എന്ന് അവർ മറുപടി പറഞ്ഞു. അദ്ദേഹം കുറച്ചുനേരം ഒന്നു മൗനമായി. പിന്നീട് കമലാക്ഷീയെന്ന് പേരെടുത്തു വിളിച്ചു. മറ്റ് മരുന്നുകൾ വല്ലതും കഴിക്കാറുണ്ടോയെന്ന് ചോദിച്ചപ്പോൾ 'യുനിഡ്രിനാൾ' എന്നൊരു ഗുളിക കഴിച്ചാൽ സമാധാനം കിട്ടാറുണ്ടെന്ന് അമ്മയുടെ മറുപടി. പ്രസ്തുത ഗുളിക അവിടെയുണ്ടോയെന്നായി നഴ്സിനോടുള്ള ചോദ്യം. അതേ ഗുണമുള്ള മറ്റൊരു പേരിലുള്ള ഗുളികയാണുള്ളതെന്ന് അവർ മറുപടി നൽകി. തുടർന്ന് അരക്കിലോമീറ്ററിലധികം ദൂരമുള്ള മെഡിക്കൽ േഷാപ്പിൽനിന്ന് വരുത്തിച്ച് അമ്മക്ക് കൊടുത്തു. കർമങ്ങൾ തുടരുന്നതിനിടയിൽ വീണ്ടും അമ്മയുടെ അടുത്ത് വന്ന് വിവരങ്ങൾ തിരക്കിയപ്പോൾ അൽപം സമാധാനമായിരുന്നു.
പുഞ്ചിരിയോടെ നഴ്സിനോട്. ''ചിലപ്പോൾ പേരുകൊണ്ട് ഫലം ചെയ്തേക്കും'' എന്നൊരു ഉപദേശവും. ആയുർവേദത്തിെൻറ ഏകാംഗ സർവകലാശാല എന്ന വിശേഷണത്തിന് തികച്ചും അർഹനാണ് അദ്ദേഹം. ലോക നന്മക്കായുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുവാൻ കഴിയട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.