'ആ തിലോപ്പിയ കുഞ്ഞുങ്ങളെ മാറ്റി പാർപ്പിച്ചോ..?, ഇവർക്ക് ബുദ്ധിയുണ്ടാകാൻ എത്രകാലമെടുക്കും..?'; മേനി പറയും മുൻപ് സോറി പറയണമെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: തങ്ങളുടെ ഭരണകാലത്ത് എമർജിങ് കേരളയിൽ ടൂറിസം വകുപ്പ് അവതരിപ്പിച്ച പദ്ധതി നടപ്പായതിൽ സന്തോഷമുണ്ടെന്നും സീ പ്ലെയിൻ പദ്ധതിയെ അന്ന് എതിർത്തതിൽ സോറി പറഞ്ഞിട്ടുവേണം എൽ.ഡി.എഫ് സർക്കാർ മേനി പറയാനെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. രാജ്യത്തെ ആദ്യ ജലവിമാനം സംസ്ഥാനത്ത് പറന്നിറങ്ങിയതിന് പിന്നാലെയാണ് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
"ഇടതു സർക്കാറിന്റെ പരിഷ്കാരങ്ങൾ ഇങ്ങനെ കാണിക്കുമ്പോൾ വാസ്തവത്തിൽ ചിരിയാണ് വരുന്നത്. ഇവർക്ക് ബുദ്ധിയുദിക്കാൻ എത്രകാലമെടുക്കും. 2012ൽ വന്ന പദ്ധതികളെ എതിർത്തതിൽ കേരളീയരോട് ഒരു സോറി പറഞ്ഞിട്ട് വേണം മേനിപറയാൻ. സീ പ്ലെയിൻ ഇറങ്ങിയാൽ തിലോപ്പിയ കുഞ്ഞുങ്ങൾ ചത്തുപോകുമെന്ന് പറഞ്ഞ് അന്ന് വള്ളങ്ങൾ നിരത്തി പ്രക്ഷോഭം നടത്തി. ഇപ്പോൾ അവിടെത്തെ തിലോപ്പിയ കുഞ്ഞുങ്ങളെ എങ്ങോട്ടെങ്കിലും മാറ്റി പാർപ്പിച്ചോ എന്നറിയില്ല.
ഞങ്ങൾ നല്ല കാര്യങ്ങൾ ഒന്നും എതിർക്കാത്തത് കൊണ്ടാണ് അവർക്കിത് നടത്താനാവുന്നത്. എക്സ്പ്രസ് ഹൈവേ എമർജിങ് കേരളയിൽ കൊണ്ടുവന്നപ്പോൾ എതിർത്തു. പശുവിനെ എങ്ങനെ ഇപ്പുറത്ത് കൊണ്ടുവരും എന്ന് ചോദിച്ച്. ആ വക വിഡിത്തരം ചോദ്യങ്ങൾ ഞങ്ങൾ ചോദിക്കാത്തത് കൊണ്ട് നിങ്ങൾക്ക് കാര്യങ്ങൾ മുന്നോട്ടുപോകാൻ കഴിയുന്നു. അന്ന് എമർജിങ് കേരളയിൽ ടൂറിസം വകുപ്പ് കൊണ്ടുവന്ന പദ്ധതി ഇന്ന് നടപ്പാകുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷേ നിങ്ങൾ ഒരു സോറി പറഞ്ഞിട്ടേ സന്തോഷിക്കാവൂ" - കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.