പുതുവത്സരാശംസക്കിടെ സി.പി.എമ്മിനെതിരെ വിമർശനവുമായി പി.കെ. ശശി; ‘ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഓർക്കുക, വരും കാലം നിങ്ങളുടേതല്ല’
text_fieldsപാലക്കാട്: പുതുവത്സരാശംസക്കിടെ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി പി.കെ. ശശി. ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവർക്കും ആഹ്ലാദത്തിന് വക നൽകില്ല പുതുവർഷം.
ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലർച്ചക്കു മുമ്പിൽ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കുമെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ ശശി എഴുതുന്നു.
‘ലോകത്തിൽ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർക്ക് ശക്തി നൽകുന്നതാവട്ടെ പുതിയ വർഷം. ഒരു കയ്യിൽ സമാധാനത്തിന്റെ ഒലീവില കൊമ്പും മറുകയ്യിൽ പോരാട്ടത്തിന്റെ മിഷീൻ ഗണ്ണുമായി നിൽക്കുന്ന പലസ്തീൻ പോരാളികളാണ് നമുക്ക് ആവേശം നൽകേണ്ടത്. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക. വരും കാലം നിങ്ങളുടേതല്ല. ഏവർക്കും ഹൃദ്യമായ പുതുവത്സരാശംസകൾ!’. സി.പി.എമ്മിൽ അച്ചടക്ക നടപടി വന്നശേഷം ആദ്യമായാണിത്തരം പരസ്യപ്രതികരണവുമായി ശശി രംഗത്തെത്തുന്നത്.
കുറിപ്പ് പൂർണരൂപത്തിൽ
2025. എല്ലാവർക്കും സമാധാനത്തിന്റെ, ഐശ്വര്യത്തിന്റെ, പുത്തൻ അനുഭൂതികളുടെ വർഷമായിത്തീരട്ടെ പുതുവർഷം. 2024 - പ്രതിസന്ധിയുടെ ഒരു കാലം. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു. അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും. മദ്യവും അതിനു മുകളിൽ കഞ്ചാവുമടിച്ചു ഘോരഘോരം മദ്യത്തിനും മയക്കുമരുന്നിനുമേതിരെ പ്രസംഗിക്കുന്നവരുടെ നല്ല കാലം കഴിയുന്നു. ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവർക്കും ആഹ്ലാദത്തിന് വക നൽകില്ല പുതുവർഷം.
ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലർച്ചക്കു മുമ്പിൽ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കും. സന്മനസ്സുള്ളവർക്ക് സമാധാനം കിട്ടുന്ന പുതിയ വർഷത്തെ ആവേശത്തോടെ നമുക്ക് വരവേൽക്കാം. കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും ഖിയാമം നാൾ വരെ സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്ടത്തിന്റെയും മോഹഭംഗതിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത്.
ഒന്നിന്റെ മുൻപിലും ആത്മാഭിമാനം പണയപ്പെടുത്താതിരിക്കുക. ആരുടെ മുന്നിലും ചെറുതാവാതിരിക്കുക. എവിടെയും സ്വന്തം അഭിപ്രായം പറയാൻ മടിക്കാതിരിക്കുക. ഉയിര് പോകും വരെ ഉശിരു കൈവിടാതിരിക്കുക. ഇവിടെ നാം വിപ്ലവകാരികളെ ഓർക്കുക. വിശ്വകവി ടാഗോറിന്റെ വരികൾ കടമെടുക്കട്ടെ. "എവിടെ നിർഭയമാകുന്നു മാനസം, അവിടെ നിൽക്കുന്നു ശീർഷം സമുന്നതം"
ലോകത്തിൽ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർക്ക് ശക്തി നൽകുന്നതാവട്ടെ പുതിയ വർഷം. ഒരു കയ്യിൽ സമാധാനത്തിന്റെ ഒലീവില കൊമ്പും മറുകയ്യിൽ പോരാട്ടത്തിന്റെ മിഷീൻ ഗണ്ണുമായി നിൽക്കുന്ന പലസ്തീൻ പോരാളികളാണ് നമുക്ക് ആവേശം നൽകേണ്ടത്. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക. വരും കാലം നിങ്ങളുടേതല്ല. ഏവർക്കും ഹൃദ്യമായ പുതുവത്സരാശംസകൾ! #happynewyear2025
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.