പ്ലാച്ചിമട സമരം: അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചു
text_fieldsപാലക്കാട്: സർക്കാർ നല്‍കിയ ഉറപ്പിൽ, കലക്ടറേറ്റിന് മുന്നിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം തൽക്കാലം നിര്‍ത്തിവെക്കാനും സര്‍ക്കാര്‍ നടപടികള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വീണ്ടും സമരപരിപാടികളുമായി മുന്നോട്ടുപോകാനും പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരസമിതിയും പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര ഐക്യദാർഢ്യ സമിതിയും സമരപന്തലില്‍ നടന്ന സംയുക്തയോഗത്തില്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുമായി പ്ലാച്ചിമട സമരപ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചയില്‍ സമരസമിതി ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച് നടപ്പാക്കുമെന്ന് അറിയിച്ചതിനെ തുടർന്നാണ് സത്യഗ്രഹം അവസാനിപ്പിക്കുന്നതെന്ന് സമരസമിതി പ്രവർത്തകർ അറിയിച്ചു. പ്ലാച്ചിമടയിലെ നിലവിലെ പന്തൽസമരം തുടരും.
യോഗത്തിൽ സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. സമരസമിതി കൺവീനർമാരായ കെ.വി. ബിജു, എ. ശക്തിവേൽ, ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ ആറുമുഖൻ പത്തിച്ചിറ, ഐക്യദാർഢ്യ സമിതി ചെയർമാൻ അമ്പലക്കാട് വിജയൻ, ഐക്യദാർഢ്യ സമിതി വൈസ് ചെയർമാൻ പുതുശ്ശേരി ശ്രീനിവാസൻ, ആദിവാസി സംരക്ഷണസംഘം പ്രസിഡൻറ് മാരിയപ്പൻ നീലിപ്പാറ, സ്വദേശി ജാഗരൺ മഞ്ച് ദേശീയ കമ്മിറ്റി അംഗം വർഗീസ് തൊടുപറമ്പിൽ, സജീഷ് കുത്തന്നൂർ (പാലക്കാടൻ കർഷക മുന്നേറ്റം), വി.പി. നിജാമുദ്ദീൻ (തണ്ണീർതട സംരക്ഷണ സമിതി), കല്ലൂർ ശ്രീധരൻ (നല്ല ഭൂമി) തുടങ്ങിയവർ സംസാരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, നിയമവകുപ്പ് മന്ത്രി എ.കെ. ബാലൻ, ജലവകുപ്പ് മന്ത്രി മാത്യു ടി. തോമസ്, സ്ഥലം എം.എൽ.എ കൃഷ്ണൻകുട്ടി എന്നിവരും വകുപ്പ് തലവന്മാരും ഉൾെപ്പടെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിലാണ് സമരസമിതി ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും നിയമപരിരക്ഷയോടുകൂടി മൂന്ന് മാസത്തിനുള്ളിൽ സർക്കാർ നടപ്പാക്കാമെന്ന് ഉറപ്പ് ലഭിച്ചത്. സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാലൻ, സമരസമിതി കൺവീനർമാരായ കെ.വി. ബിജു, എ. ശക്തിവേൽ, ഐക്യദാർഢ്യ സമിതി ചെയർമാൻ അമ്പലക്കാട് വിജയൻ, വൈസ് ചെയർമാൻ പുതുശ്ശേരി ശ്രീനിവാസൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.