പ്ലാച്ചിമട സമരം തുടരുമെന്ന് സമരസിമിതി
text_fieldsപാലക്കാട്: പ്ലാച്ചിമടയിലെ ഇരകൾക്ക് നീതി കിട്ടുംവരെ സമരം തുടരുമെന്ന് പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരസമിതിയും ഐക്യദാർഢ്യ സമിതിയും വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്ലാച്ചിമടയിൽ കൊക്കക്കോള കമ്പനി പ്രവർത്തിക്കില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ജനജീവിതവും കൃഷിയടക്കമുള്ള ജീവനോപാധിയും നശിപ്പിച്ച് തീരാനഷ്ടം വരുത്തിയ കമ്പനിയെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും വിചാരണ ചെയ്ത് ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
നിയമപരമായി തിരിച്ചടിയുണ്ടാകുമെന്ന ബോധ്യമുള്ളതുകൊണ്ടാണ് പ്ലാച്ചിമടയിൽനിന്ന് പിൻവാങ്ങാൻ കോളക്കമ്പനി തീരുമാനിച്ചത്. പ്ലാച്ചിമട ട്രൈബ്യൂണൽ രൂപവത്കരിക്കുന്നടതക്കമുള്ള സമരസമിതിയുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചതിന് ശേഷമേ സമരം അവസാനിപ്പിക്കൂ. കമ്പനിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ട്. ഇക്കാര്യം സർക്കാർ അന്വേഷിക്കണം. പ്ലാച്ചിമടയിലെ പൗരസമൂഹത്തിന് ഭരണഘടന ഉറപ്പു നൽകുന്ന അവകാശം ലഭിക്കുന്നുവെന്ന് സർക്കാരും ജനപ്രതിനിധികളും ഉറപ്പുവരുത്തണം.
സമരസമിതി പാലക്കാട് കലക്ടറേറ്റിനു മുന്നിൽ അഞ്ച് ആവശ്യങ്ങൾ നിരത്തി ആരംഭിച്ച സമരം മുഖ്യമന്ത്രിയുമായുള്ള ചർച്ചയെ തുടർന്നാണ് നിർത്തിവെച്ചത്. ചർച്ചയിൽ അനുഭാവപൂർവമായ സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പ്രശ്നം പഠിക്കാൻ മൂന്ന് മാസത്തെ സാവകാശം ചോദിച്ചു. ഇതിനെ തുടർന്ന് നിയമവകുപ്പ് സമരസമിതിയുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവർ ആരോപിച്ചു. കേന്ദ്ര സർക്കാറുകൾ കോളക്കമ്പനിയുടെ ദാസന്മാരായി പ്രവർത്തിക്കുകയാണ് ചെയ്തത്. കമ്പനി മാത്രമല്ല, ഭരണകൂടവും ഗുരുതര വീഴ്ച വരുത്തി. എം.ജി സർവകലാശാല വിദ്യാർഥികൾ പ്ലാച്ചിമട ജനതക്ക് സംഭവിച്ച നഷ്ടത്തെക്കുറിച്ച് നടത്തിയ പഠനറിപ്പോർട്ട് ഉടൻ പുറത്തുവിടും. പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ ഇടതുപക്ഷ സർക്കാർ വീണ്ടും നിയമസഭയിൽ അവതരിപ്പിക്കണം.
ഇതിന് നിയമതടസ്സമില്ലെന്ന് വിദഗ്ധർ പറയുന്നുണ്ട്. രാജ്യത്തെ 100 കേന്ദ്രങ്ങളിൽനിന്ന് വിവരാവകാശ പ്രവർത്തകർ സാമൂഹിക പ്രവർത്തക അരുണ റോയിയുടെ നേതൃത്വത്തിൽ പ്ലാച്ചിമട അഴിമതിയും കമ്പനിയും ഭരണകൂടവും തമ്മിലുള്ള ഒത്തുകളിയും പുറത്തുകൊണ്ടുവരുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്.
വാർത്തസമ്മേളനത്തിൽ കൊക്കക്കോള വിരുദ്ധ സമര സമിതി ചെയർമാൻ അമ്പലക്കാട് വിജയൻ, വൈസ് ചെയർമാൻ പുതുശ്ശേരി ശ്രീനിവാസൻ, ഐക്യദാർഢ്യ സമിതി ജന. സെക്രട്ടറി അറുമുഖൻ പത്തിച്ചിറ, കൺവീനർ എം. സുലൈമാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.