പ്ലാച്ചിമട സമര പ്രവർത്തകർ മന്ത്രി വസതിയിലേക്ക് മാർച്ച് നടത്തി
text_fields
പാലക്കാട്: പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ ഇനിയും അവതരിപ്പിക്കുന്നതിന് നിയമപ്രയാസങ്ങളുണ്ടെന്ന് പറഞ്ഞ് പ്ലാച്ചിമടയിലെ ജനങ്ങളോട് നീതി ലഭിക്കുന്നതിന് തടസ്സം നിൽക്കുന്ന മന്ത്രി എ.കെ. ബാലൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ പാലക്കാട്ടെ വസതിയിലേക്ക് പ്ലാച്ചിമട സമര പ്രവർത്തകർ മാർച്ച് നടത്തി. പ്ലാച്ചിമട സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാലൻ മാർച്ച് ഉദ്ഘാടനം ചെയ്തു.ഐക്യദാർഢ്യ സമിതി ചെയർമാൻ വിജയൻ അമ്പലക്കാട് അധ്യക്ഷത വഹിച്ചു.
രക്തസാക്ഷി മണ്ഡപത്തിനടുത്തുള്ള അഞ്ചുവിളക്കിന് മുന്നിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിന് സമരസമിതി കൺവീനർമാരായ കെ.വി. ബിജു, എ. ശക്തിവേൽ, പ്ലാച്ചിമട ശാന്തി, ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ ആറുമുഖൻ പത്തിച്ചിറ എന്നിവർ നേതൃത്വം നൽകി.
ഞായറാഴ്ച രാവിലെ 11ഓടെ ആരംഭിച്ച മാർച്ചിൽ പ്ലാച്ചിമടയിലെ ഇരകൾ ഉൾെപ്പടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.പുതുശേരി ശ്രീനിവാസൻ, മാരിയപ്പൻ നീലിപ്പാറ, വർഗീസ് തൊടുപറമ്പിൽ, കെ. മായാണ്ടി, കരീം പറളി, സജീഷ് കുത്തന്നൂർ, എ.കെ. സുൽത്താൻ, ഫസലുറഹ്മാൻ, വി.പി. നിജാമുദ്ദീൻ, കല്ലൂർ ശ്രീധരൻ, അഖിലേഷ് കുമാർ, പന്നിമട കലാധരൻ കെ. കൃഷ്ണാർജുനൻ, മലമ്പുഴ ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. പ്ലാച്ചിമട സമരത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ മാർച്ചിന് ശേഷം നടന്ന സമരസമിതിയുടെയും ഐക്യദാർഢ്യ സമിതിയുടെയും യോഗം തീരുമാനിച്ചു.
പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ രൂപവത്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുക, പ്ലാച്ചിമടയിലെ ഇരകൾക്ക് അടിയന്തരമായി ഇടക്കാല സാമ്പത്തിക സഹായം അനുവദിക്കുക, പട്ടികജാതി--പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം എടുത്തകേസിൽ കോളക്കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് ആസ്തികൾ കണ്ടുകെട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സമരസമിതി കലക്ടറേറ്റ് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.