പാലക്കാട് കലക്ടറേറ്റിന് മുന്നിൽ പ്ലാച്ചിമടയുടെ സമരാവേശം ഇരമ്പി
text_fieldsപാലക്കാട്: മാറിമാറി വരുന്ന സർക്കാറുകളുടെ വാഗ്ദാനങ്ങൾക്കപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങുന്നില്ലെന്ന തിരിച്ചറിവിൽ അവർ കൊക്കകോള വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ രൂപവത്കരിക്കാനുള്ള നടപടി സ്വീകരിക്കുക, പ്ലാച്ചിമടയിലെ ഇരകൾക്ക് അടിയന്തരമായി ഇടക്കാല സാമ്പത്തികസഹായം അനുവദിക്കുക, പട്ടികജാതി- പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമെടുത്ത കേസിൽ കോളക്കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് ആസ്തി കണ്ടുകെട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം.
‘കൊക്കകോള ഗോ ബാക്ക്’ മുദ്രാവാക്യം വിളികളുമായി ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സമരക്കാർ പന്തലിലേക്കെത്തിയത്. നിരവധി പേരാണ് ഐക്യദാർഢ്യമറിയിക്കാനെത്തിയത്. മഗ്സസെ അവാർഡ് ജേതാവ് ഡോ. രാജേന്ദ്രസിങ് സമരം ഉദ്ഘാടനം ചെയ്തു. ഐക്യദാർഢ്യ സമിതി ചെയർമാൻ അമ്പലക്കാട് വിജയൻ അധ്യക്ഷത വഹിച്ചു. സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പി. സുരേഷ് ബാബു രചിച്ച ‘ജലത്തിെൻറ രാഷ്ട്രീയം’ സമരപ്രവർത്തക കന്നിയമ്മക്ക് രാജേന്ദ്രസിങ് നൽകി പ്രകാശനം ചെയ്തു.
സി.ആർ. നീലകണ്ഠൻ, മുൻമന്ത്രിമാരായ വി.സി. കബീർ, കുട്ടി അഹമ്മദ് കുട്ടി, ലാലൂർ സമര നേതാവ് ടി.കെ. വാസു, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് ടി. ശാക്കിർ, ആർ. അജയൻ, വിജയരാഘവൻ ചേലിയ, ജോയ് കൈതാരം, വി. ചാമുണ്ണി, എം. സുലൈമാൻ, കെ.വി. ബിജു, റോബിൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, മനുഷ്യാവകാശ മേഖലയിലെ നിരവധി പേർ സമരക്കാരെ അഭിവാദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.