കോപ്പിയടി ആരോപണം:പരാതിക്കാരിക്കെതിരെ മോശം പരാമർശവുമായി കാലിക്കറ്റ് സിൻഡിക്കേറ്റ്
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ റഷ്യൻ ആൻഡ് കംപാരിറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിലെ അസി.പ്രഫസർ ശ്രീകല മുല്ലശേരി ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതായ ആരോപണത്തിൽ പരാതിക്കാരിക്കെതിരെ മോശം പരാമർശവുമായി സിൻഡിക്കേറ്റ്.
പരാതി നൽകിയ ഡോ. ആൻസി ഭായിക്കെതിരെയാണ് ഡിസംബർ 30ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിന്‍റെ മിനിറ്റ്സിൽ തെറ്റായ ആരോപണങ്ങൾ രേഖപ്പെടുത്തിയത്. ശ്രീകലയുടെ ഗവേഷണപ്രബന്ധം 67 ശതമാനവും കോപ്പിയടിയാണെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആൻസി രേഖാമൂലം വ്യക്തമാക്കിയിരുന്നു. ലിയോ ടോൾസ്റ്റോയിയുടെ നോവലുകളിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളെ കുറിച്ചുള്ളതായിരുന്നു ഗവേഷണ പ്രബന്ധം.
മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിർദേശപ്രകാരം സിൻഡിക്കേറ്റ് യോഗം പരിഗണിച്ച അജണ്ടയിൽ പരാതിക്കാരിയായ ആൻസിക്കെതിരെ അന്വേഷണം നടത്താനുള്ള വിചിത്ര തീരുമാനമായിരുന്നു സിൻഡിക്കേറ്റിന്‍റേത്. ചട്ടങ്ങൾ പാലിച്ച് സർവകലാശാല നടത്തിയ നിയമനങ്ങളെ സംബന്ധിച്ച് റാങ്ക്പട്ടികയിൽ താഴെയുള്ള ഉദ്യോഗാർഥി തനിക്ക് മുകളിൽ പട്ടികയിലുള്ളവരെല്ലാം അയോഗ്യരാണെന്ന് നിശ്ചയിച്ച് തയാറാക്കിയ പരാതിയാണെന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മിനിറ്റ്സിൽ വ്യക്തമാക്കുന്നു. ജോലി നേടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും സിൻഡിക്കേറ്റ് ആരോപിക്കുന്നു.
വനിതയും പട്ടികജാതിക്കാരിയുമായ തനിക്കെതിരെ ഏകപക്ഷീയമായാണ് സിൻഡിക്കേറ്റിന്‍റെ നടപടിയെന്ന് ഡോ. ആൻസി ഭായ് ആരോപിച്ചു. വിശദമായി നൽകിയ പരാതിയിലുള്ള വാദങ്ങളോ തെളിവുകളോ പരിശോധിച്ചിരുന്നില്ല. മിനിറ്റ്സിലെ വാചകങ്ങൾ പരസ്യമായ അവഹേളനമാണ്. തനിക്കെതിരായ പരാതി അന്വേഷിക്കുന്ന ടോം കെ. തോമസ്, കെ.കെ ഹനീഫ, ഡോ. എം. മനോഹരൻ എന്നിവർ പ്രബന്ധവുമായി ബന്ധമുള്ള വിഷയമായ താരതമ്യ സാഹിത്യത്തിലോ സാഹിത്യപഠനത്തിലോ ഗവേഷണ ബിരുദം ഇല്ലാത്തവരാണ്.
ഈ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത് ശ്രീകല മുല്ലശ്ശേരിയെ രക്ഷിക്കാനാണെന്നും പരാതിക്കാരി ആരോപിക്കുന്നു. കോപ്പിയടി വിഷയം നിലവിൽ ഹൈകോടതിയുടെ പരിഗണനയിലാണ്. എതിർകക്ഷികൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സമയമനുവദിച്ചിരിക്കുകയാണ്. വർഷങ്ങളായി സി.പി.എമ്മിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന താനും കുടുംബവും മോസ്കോപാറ ബ്രാഞ്ച് കമ്മിറ്റിക്കും തേഞ്ഞിപ്പലം, പള്ളിക്കൽ ലോക്കൽ കമ്മിറ്റികൾക്കും നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ഡോ. ആൻസി ഭായ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.