പ്ലാൻ എ ‘സ്വകാര്യം’; ഇടതുസർക്കാറിന്റെ നയംമാറ്റ ബജറ്റ്
text_fieldsതിരുവനന്തപുരം: കണ്ണഞ്ചിപ്പിക്കുന്ന പ്രഖ്യാപനങ്ങളോ പ്രതിസന്ധി മറികടക്കാൻ ക്രിയാത്മക നിർദേശങ്ങളോ ഇല്ലാതെ സേവന മേഖലയിലടക്കം സ്വകാര്യ നിക്ഷേപങ്ങൾക്ക് വാതിൽ തുറന്നും വരുമാന വർധനക്ക് കുറുക്കുവഴി തേടിയും ഇടതുസർക്കാറിന്റെ നയംമാറ്റ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു.
സേവന-ക്ഷേമ മേഖലകൾക്കുനേരെ കണ്ണടച്ചപ്പോൾ സ്വകാര്യ മേഖലയെ കൂട്ടുപിടിച്ചുള്ള പുതിയ വികസന-സേവന മാതൃകകൾക്കാണ് ഊന്നൽ. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ മൂന്നുവർഷം കൊണ്ട് മൂന്നുലക്ഷം കോടിയുടെ സ്വകാര്യ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. സർക്കാർ ആശുപത്രികൾക്കായി വൻകിട പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ, കേരളത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റുമെന്ന പ്രഖ്യാപനവും സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാല കാമ്പസുമെല്ലാം ഇതിലേക്ക് ചേർത്തുവായിക്കാം.
ക്ഷേമ പെൻഷൻ ഇക്കൊല്ലവും കൂട്ടിയില്ല. പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കും. 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ റവന്യൂ കമ്മി 27,846 കോടി രൂപയും ധനക്കമ്മി 44,529 കോടിയുമാണ്. നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വർധനയാണ് ലക്ഷ്യം.
ഒറ്റനോട്ടത്തിൽ
- വൈദ്യുതിയുടെ ഡ്യൂട്ടി നിരക്ക് യൂനിറ്റിന് ആറു പൈസയിൽനിന്ന് 10 പൈസയാക്കി
- 500 ചതുരശ്ര അടിക്ക് മുകളിലെ കെട്ടിടങ്ങളുടെ കൈമാറ്റത്തിന് ഉയർന്ന നിരക്ക്
- ഭൂമി ഇടപാടുകൾക്ക് ചെലവേറും
- സാമ്പത്തിക-സാമ്പത്തിക അനുബന്ധ കേസുകളുമായി ബന്ധപ്പെട്ട ജുഡീഷ്യൽ ഫീസുകൾ കൂട്ടി
- അംഗൻവാടി ജീവനക്കാർക്ക് രണ്ടുലക്ഷം വരെ പരിരക്ഷ ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി
- റബർ താങ്ങുവിലയിൽ നാമമാത്ര വർധന; കൂട്ടിയത് 10 രൂപ
- ഗ്രാമീണ റോഡുകളുടെയടക്കം നവീകരണത്തിനും നിർമാണ മേഖലയുടെ പുരോഗതിക്കുമായി 1000 കോടിയുടെ പാക്കേജ്
- ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് വ്യക്തിഗത ഭൂനികുതി
- നികുതി കുടിശ്ശിക പിരിക്കുന്നതിന് നാല് സ്ലാബ് നിശ്ചയിച്ച് സമാഹരണ ദൗത്യം; പാട്ടക്കുടിശ്ശിക പിരിക്കാൻ ആംനസ്റ്റി സ്കീം
- ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ലിറ്ററിന് 10 രൂപ ഗാലനേജ് ഫീസ്
- ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷൻ ഇതരസം സ്ഥാനങ്ങളിലേക്ക് പോകുന്നത് തടയാൻ ഫീസ് കുറച്ചു
- സ്ക്രാപ്പിങ് നയം നടപ്പാക്കി 200 കോടി സമാഹരിക്കും
- കിഫ്ബി ഉള്‍പ്പെടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടിയുടെ വകയിരുത്തല്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.