കേന്ദ്ര അവഗണന തിരുത്തിയില്ലെങ്കിൽ പ്ലാൻ ബി
text_fieldsതിരുവനന്തപുരം: നയപ്രഖ്യാപനത്തിലെന്ന പോലെ ബജറ്റ് പ്രസംഗത്തിലും കേന്ദ്രത്തിനെതിരെ കടുത്ത വിമർശനങ്ങളില്ല. കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധത്തിലേക്ക് കേരളത്തെ തള്ളിവിട്ടിരിക്കുന്നെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. എങ്കിലും നോക്കിനിൽക്കില്ല. ബദൽ മർഗങ്ങളും പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കും. നിയമനടപടിയും രാഷ്ട്രീയ സമരവും കേന്ദ്ര സമീപനത്തിൽ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. മാറ്റമുണ്ടായില്ലെങ്കിൽ പ്ലാൻ ബി തയാറാക്കും. ട്രഷറിയിൽ പൂച്ചപെറ്റു കിടക്കുന്നെന്ന പ്രചാരണം ദുരുപദിഷ്ടമാണ്. ട്രഷറി മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്. ’കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ’ എന്ന വള്ളത്തോൾ കവിതാശകലം ഉദ്ധരിച്ച് പ്രസംഗം അവസാനിപ്പിക്കുമ്പോഴും ധനമന്ത്രിയുടെ കേന്ദ്ര വിമർശനങ്ങൾക്ക് ഊക്ക് പോരാ.
കെ-റെയിലിൽ പിന്നോട്ടില്ല
അതിവേഗ റെയിൽ പദ്ധതിയായ കെ-റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ബജറ്റ് പ്രസംഗത്തിലുടെ സർക്കാർ ആവർത്തിച്ചു. ഇക്കാര്യത്തിൽ കേന്ദ്രവുമായി ചർച്ച തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പാളം വളവ് നിവർത്തി ട്രെയിനുകളുടെ വേഗം കൂട്ടിയാലും അതിവേഗ ട്രെയിൻ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
നവകേരള സദസ്സ് പദ്ധതികൾക്ക് 1000 കോടി
നവകേരള സദസ്സിൽ ഉയർന്ന നിർദേശങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് 1000 കോടി നീക്കിവെച്ചു. വിവിധ വകുപ്പ് ഫണ്ടുകളിൽനിന്നായാണ് ഈ തുക ചെലവഴിക്കുക. വിശദ പഠന റിപ്പോർട്ട് തയാറാക്കുന്നതിന് ഓരോ മണ്ഡലത്തിനും 25 ലക്ഷം രൂപ വീതം നീക്കിവെച്ചു. നവകേരള സദസ്സ് നിർദേശം അംഗീകരിച്ച് അടിസ്ഥാന സൗകര്യവികസനത്തിന് ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിനു കീഴിൽ 35 കോടി വകയിരുത്തി.
സൂര്യോദയ പ്രതീക്ഷകളിൽ ധനമന്ത്രി
സൂര്യോദയത്തിന്റെ പ്രതീക്ഷകൾ പങ്കുവെച്ചായിരുന്നു ബജറ്റ് പ്രസംഗത്തിന്റെ തുടക്കം. കേരളത്തിന്റെ സമ്പദ്ഘടന ഒരു സൂര്യോദയ സമ്പദ്ഘടനയായി മാറിക്കൊണ്ടിരിക്കുന്നതായി മന്ത്രി അവകാശപ്പെട്ടു. ശാസ്ത്രസാങ്കേതിക പുരോഗതിയിലും വിപണിയുടെ ചലനാത്മകതയിലും ഉൽപാദന വളർച്ചയിലും മുൻനിരയിൽ നിൽക്കുന്ന വികസനത്തുറകളെയാണ് സൂര്യോദയ സമ്പദ്ഘടന എന്ന് വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ 10 വർഷം കൊണ്ട് കാര്യങ്ങൾ മാറി. ഉൽപാദന മേഖലയുടെ വളർച്ച നിരക്ക് 15 ശതമാനത്തിന് അടുത്തെത്തി. പുതിയ സംരംഭകരെത്തുന്നു. നിക്ഷേപം വളരുന്നു. ഉൽപാദനവും തൊഴിലും വർധിക്കുന്നെന്നും മന്ത്രി അവകാശപ്പെടുന്നു.
ബജറ്റ് പ്രസംഗം കൃത്യം രണ്ടര മണിക്കൂർ നീണ്ടു. വലിയ പ്രഖ്യാപനങ്ങളില്ലാത്തതിനാലാകാം ഭരണപക്ഷത്ത് വലിയ ആവേശമോ അടിക്കടി ഡെസ്കിൽ അടിച്ചുള്ള പ്രോത്സാഹനമോ കണ്ടില്ല. പ്രതിപക്ഷത്തുനിന്ന് തടസ്സപ്പെടുത്തലുകളുമുണ്ടായില്ല. നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് പ്രതിപക്ഷനിരയിൽ നിന്ന് കമന്റ് ഉയർന്നുകേട്ടത്. 182 പേജ് പ്രസംഗം വായിക്കുന്നതിനിടെ, പലകുറി വെള്ളം കുടിച്ച ധനമന്ത്രി ചില ഭാഗങ്ങൾ സ്പീക്കറുടെ അനുമതിയോടെ വായിക്കാതെ വിടുകയും ചെയ്തു.
ബജറ്റിന്റെ വിശ്വാസ്യത തകർത്തു -പ്രതിപക്ഷം
തിരുവനന്തപുരം: യാഥാര്‍ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തി ബജറ്റിന്റെ വിശ്വാസ്യത മന്ത്രി കെ.എന്‍. ബാലഗോപാല്‍ തകര്‍ത്തെന്ന് പ്രതിപക്ഷം. രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തിയും പ്രതിപക്ഷത്തെ വിമര്‍ശിച്ചും ബജറ്റിന്റെ പവിത്രതയില്ലാതാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഷ്ട്രീയ വിമര്‍ശനത്തിനുള്ള ‘ഡോക്യുമെന്റാക്കി’ ബജറ്റിനെ തരംതാഴ്ത്തി.
യു.ഡി.എഫ് കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചാണ് ബജറ്റില്‍ കൂടുതൽ പരാമര്‍ശിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാർ കൊണ്ടുവന്ന കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നിവയെ കുറിച്ചും ഇപ്പോള്‍ അഭിമാനം കൊള്ളുന്നു. റബര്‍ താങ്ങുവില 10 രൂപ കൂട്ടി കര്‍ഷകരെ അവഹേളിക്കുകയാണ്. അധികാരത്തിലെത്തിയാല്‍ 250 രൂപയാക്കുമെന്ന് പറഞ്ഞവര്‍ മൂന്ന് വര്‍ഷമായിട്ടും 10 രൂപ മാത്രമാണ് വര്‍ധിപ്പിച്ചത്. 1067 കോടിയുടെ അധിക നികുതി നിര്‍ദേശങ്ങളില്‍ 50 ശതമാനം പോലും പ്രായോഗികമല്ല. കഴിഞ്ഞ വര്‍ഷം 24585 കോടിയാണ് റവന്യൂ കമ്മി. അതിനെക്കാള്‍ അപകടകരമാണ് അടുത്ത വര്‍ഷത്തെ എസ്റ്റിമേറ്റ് -സതീശൻ പറഞ്ഞു.
നിലവിലെ ദയനീയ സാമ്പത്തിക സ്ഥിതിയില്‍ എന്തെങ്കിലും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുമോയെന്നാണ് എല്ലാവരും നോക്കിയിരുന്നതെങ്കിലും പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റിലുണ്ടായതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് കരുതിയതെങ്കിലും നിരാശയാണെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.