സഹകരണ മേഖലക്കെതിരായ ആക്രമണം: ആസൂത്രിത പ്രചാരണങ്ങളെ ബോധവത്കരണങ്ങളിലൂടെ പ്രതിരോധിക്കണമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: സഹകരണ ബാങ്കുകളെ ദുർബലപ്പെടുത്താൻ ലക്ഷ്യംവെച്ചുള്ള ആസൂത്രിത പ്രചാരണങ്ങളെയും ദുരാരോപണങ്ങളെയും പ്രാദേശിക തലത്തിൽ ബോധവത്കരണം നടത്തി പ്രതിരോധിക്കണമെന്ന് സഹകരണ ബാങ്ക് പ്രസിഡന്‍റുമാരോട് മന്ത്രി വി.എൻ. വാസവൻ. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട പ്രചാരണങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈനിൽ വിളിച്ച പ്രസിഡന്‍റുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കരുവന്നൂരിലെ സാഹചര്യങ്ങളും സർക്കാർ സ്വീകരിച്ച നടപടികളും വിശദീകരിച്ച മന്ത്രി ആശങ്കയില്ലാതെ മുന്നോട്ടുപോകണമെന്ന നിർദേശവും നൽകി. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളില്ല. പ്രചാരണങ്ങളിൽ തളരേണ്ടതില്ല.
പുതിയ നിയമഭേദഗതി കൂടി വരുന്നതോടെ മേഖലയിൽ കുറച്ചുകൂടി ശുദ്ധീകരണം വരും. കൃത്യമായ ഇടവേളകളിൽ എല്ലാ സഹകരണ ബാങ്കുകളിലും ആവർത്തിച്ചുള്ള പരിശോധനകളുണ്ടാകും. നിക്ഷേപം പിൻവലിക്കുന്നുണ്ടെങ്കിലും അവ സഹകരണ മേഖലക്ക് പുറത്തേക്ക് പോകുന്നില്ല. ദുർബലമെന്ന് നിക്ഷേപകർക്ക് തോന്നുന്ന ബാങ്കിൽനിന്ന് പിൻവലിക്കപ്പെടുന്ന പണം സമീപത്തെ ശക്തമായ മറ്റൊരു ബാങ്കിൽ നിക്ഷേപമായി വരുന്നുണ്ട്. ക്രമക്കേടെന്ന പേരിൽ വരുന്ന പല കണക്കുകളും തട്ടിപ്പുകളല്ല.
ഒരാൾക്ക് പരമാവധി നൽകാൻ അനുവദിച്ചിട്ടുള്ള വായ്പ പരിധി മറികടക്കാൻ കുടുംബത്തിലെ ഒന്നിലധികം പേരുടെ പേരിൽ വായ്പയെടുക്കുന്ന പ്രവണത ചിലയിടങ്ങളിലുണ്ട്. കൃത്യമായി തിരിച്ചടവുണ്ടെങ്കിലും നിയമപ്രകാരം ഇത് ചട്ടലംഘനമാണ്. ഇതെല്ലാം തിരിച്ചറിഞ്ഞ് ശക്തമായി മുന്നോട്ടുപോകണമെന്നും വാസവൻ കൂട്ടിച്ചേർത്തു. സഹകരണ രജിസ്ട്രാറും സഹകരണ സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.