പദ്ധതികൾ നിരവധി; സ്കൂളിന്റെ പടി കാണാതെ ആദിവാസി വിദ്യാർഥികൾ
text_fieldsവെള്ളമുണ്ട: ആദിവാസി കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് നിരവധി പദ്ധതികൾ പുരോഗമിക്കുമ്പോഴും സ്കൂളിന്റെ പടി കാണാതെ വിദ്യാർഥികൾ. പൊതുവിദ്യാഭ്യാസത്തിൽ ഇഴുകിച്ചേരാനുള്ള ആദിവാസി കുട്ടികളിലെ മടിയും ഇവരെ പരിഗണിക്കാത്ത ചില വിദ്യാഭ്യാസ നയവുമാണ് തിരിച്ചടിയാവുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നടത്തിയ പഠനത്തിൽ ജില്ലയിലെ സ്കൂളുകളിൽനിന്ന് ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വർധിച്ചതായി കണ്ടെത്തിയിരുന്നു.
പ്രൈമറി തലത്തിൽ 6.10 ശതമാനം, യു.പി.യിൽ 8.01, ഹൈസ്കൂൾ തലത്തിൽ 1.55 ശതമാനം എന്നിങ്ങനെയാണ് കൊഴിഞ്ഞുപോക്കെന്ന് അന്നത്തെ പഠനം ചൂണ്ടിക്കാട്ടിയിരുന്നു. ഗോത്രസാരഥി പദ്ധതിയടക്കം തികഞ്ഞ പരാജയമായിരുന്നു. കോവിഡിനു മുമ്പാണ് വനമേഖലയോടു ചേർന്ന ആദിവാസി കോളനികളിൽ നിരവധി കുട്ടികൾ സ്കൂളിൽ പോകാതെ, ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിയുന്ന വിവരം വാർത്തയായത്. മറ്റു കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഗോത്രവിഭാഗം തോട്ടങ്ങളിലും കാടുകളിലും അലഞ്ഞുനടക്കുകയാണ്.
മുതിർന്നവർക്കൊപ്പം തൊഴിലെടുത്തും കാട്ടുവിഭവങ്ങൾ ശേഖരിച്ചും കുട്ടികൾ ജോലി ചെയ്യുന്നതും പതിവു കാഴ്ചയായിരുന്നു. കോവിഡിനെ തുടർന്ന് കോളനികളോടു ചേർന്ന് ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ വിദ്യാർഥികളുടെ നിറഞ്ഞ പങ്കാളിത്തമുണ്ടായി.
അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഒരു പരിധിവരെ വിദ്യാർഥികൾ ക്ലാസുകളിൽ എത്തിയിരുന്നെങ്കിലും അവസാനത്തിലെത്തുമ്പോൾ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കൂടുതലാണ്. ആദിവാസി കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിന് ഏർപ്പെടുത്തിയ വാഹനങ്ങളിൽ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പണിയ വിഭാഗത്തിൽ നിന്നുള്ള കുട്ടികളാണ് ക്ലാസിൽ വരാൻ മടിക്കുന്നത്.
ഇവരെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിന് ഏർപ്പെടുത്തിയ സംവിധാനങ്ങൾ വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.