അരിക്കൊമ്പനെ പിടിക്കാൻ ദൗത്യം തുടങ്ങുന്നു; ആദ്യ കുങ്കിയാന ഇന്നെത്തും
text_fieldsതൊടുപുഴ: രണ്ടു മാസമായി ചിന്നക്കനാൽ, ശാന്തൻപാറ പ്രദേശങ്ങളിൽ ഭീതിപടർത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വനം വകുപ്പ് ത്വരിതപ്പെടുത്തുന്നു. ആദ്യകുങ്കിയാന ഞായറാഴ്ച വയനാട്ടിൽനിന്ന് പുറപ്പെട്ടു. തിങ്കളാഴ്ച ഇടുക്കിയിലെത്തും. കോടനാട് അഭയാരണ്യത്തിൽ അരിക്കൊമ്പനെ പാർപ്പിക്കാനുള്ള കൂടിന്റെ നിർമാണം പൂർത്തിയായി.
ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 26 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ദൗത്യത്തിനായി വയനാട്ടിൽനിന്ന് എത്തുക. മൂന്നാർ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്നുള്ള ഫോറസ്റ്റ് വെറ്ററിനറി സർജൻമാരും സംഘത്തിലുണ്ടാകും. വിക്രം, കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നിങ്ങനെ നാല് കുങ്കിയാനകളെയാണ് കൊണ്ടുവരുന്നത്. ഇതിൽ വിക്രമാണ് തിങ്കളാഴ്ച ഇടുക്കിയിൽ എത്തുന്നതെന്നാണ് സൂചന. ബാക്കി മൂന്നെണ്ണം ചൊവ്വ, ബുധൻ ദിവസങ്ങളിലായി എത്തുമെന്ന് നോഡൽ ഓഫിസറും ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ ആർ.എസ്. അരുൺ പറഞ്ഞു. പാലക്കാട് ധോണിയിൽ പി.ടി സെവൻ എന്ന ഒറ്റയാനെ പിടികൂടിയ സംഘത്തിലും വിക്രമും സുരേന്ദ്രനും ഉണ്ടായിരുന്നു.
വ്യാഴാഴ്ചയോടെ ദൗത്യത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കും. ഇതിന്റെ ഭാഗമായി വയനാട്ടിൽനിന്നുള്ള സംഘത്തിൽ ഇടുക്കിയിൽനിന്നുള്ള ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി പുതിയ ടീമിന് രൂപം നൽകും. തുടർന്ന്, മോക്ഡ്രിൽ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമാകും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി കോടനാട് എത്തിക്കുന്ന നടപടികളിലേക്ക് കടക്കുക. ആനയെ പിടികൂടുന്ന പ്രവർത്തനങ്ങൾ നടക്കുന്ന ദിവസങ്ങളിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. മയക്കുവെടിവെച്ച് പിടികൂടിയാൽ കുങ്കിയാനകളുടെ സഹായത്തോടെ അന്നുതന്നെ അരിക്കൊമ്പനെ കോടനാട് എത്തിക്കും.
ഡോ. അരുൺ സക്കറിയയുടെ നിർദേശപ്രകാരം വയനാട്ടിൽനിന്നുള്ള ദ്രുത പ്രതികരണ സേനയുടെ (ആർ.ആർ.ടി) നേതൃത്വത്തിലാണ് ആറ് മീറ്റർ ഉയരവും നാല് മീറ്റർ വീതിയും അഞ്ച് മീറ്റർ നീളവുമുള്ള കൂട് നിർമിച്ചത്. മൂന്നാറിൽനിന്ന് മുറിച്ചെടുത്ത 150 സെന്റിമീറ്റർ വണ്ണമുള്ള 128 തടികൾ ഇതിനായി ഉപയോഗിച്ചു. കൂടിന്റെ കാലുകൾ ആറടിയിലധികം താഴ്ചയിലാണ് മണ്ണിൽ ഉറപ്പിച്ചിരിക്കുന്നത്. കോടനാട് എത്തിക്കുന്ന 25 വയസ്സുള്ള അരിക്കൊമ്പനെ മെരുക്കാൻ വിദഗ്ധ പാപ്പാൻമാരുടെ സംഘത്തെ നിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.