തോട്ടം ഭൂമി തരംമാറ്റൽ: ഇരുട്ടിൽതപ്പി സർക്കാർ, പാട്ടം എന്ന നിലയിൽ നഷ്ടമായത് കോടികൾ
text_fieldsകൊച്ചി: സംസ്ഥാനത്തെ തോട്ടം ഭൂമിയിൽ എത്ര ഏക്കർ തരംമാറ്റിയെന്ന ചോദ്യത്തിന് ഇരുട്ടിൽ തപ്പി സർക്കാർ. സംസ്ഥാന ലാൻഡ് ബോർഡിലോ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലോ ഇത് സംബന്ധിച്ച് കണക്കുകളില്ല. പല ജില്ലകളിലും തോട്ടം ഭൂമി തരംമാറ്റി കരിങ്കൽ ക്വാറികൾ നടത്തുവെന്ന് എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടും സംസ്ഥാന - താലൂക്ക് ലാൻഡ് ബോർഡുകളിലെ ഉദ്യോസ്ഥരുടെ കെടുകാര്യസ്ഥ കാരണം വിവരങ്ങൾ ശേഖരിക്കാനിയില്ല. അതിനാൽ നിയമസഭയിൽ തോട്ടം തരംമാറ്റി കരിങ്കൽ ക്വാറി നടത്തുന്നത് സംബന്ധിച്ച് ചോദ്യത്തിന് റവന്യൂ വകുപ്പ് വ്യക്തിമായ ഉത്തരം നൽകില്ല.
1963ലെ ഭൂപരിഷ്കരണ നിയമ പ്രകാരം പ്ലാൻറേഷൻ ഭൂമിയെ ഭൂപരിധി നിയമത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. ഭൂപരിധി നിർണയിക്കുന്നത് കണക്കാക്കാൻ പാടില്ല എന്ന് വ്യവസ്ഥ ഉള്ളതിനാൽ ആദ്യകാല താലൂക്ക് ലാൻഡ് ബോർഡ് തീർപ്പാക്കിയ കേസുകളിൽ ഇളവ് അനുവദിക്കപ്പെട്ടു. എന്നാൽ, ഇളവ് നൽകിയ ഭൂമിയുടെ കണക്ക് സൂക്ഷിച്ചിട്ടില്ല.
പ്ലാൻറേഷൻ ഉൾപ്പെടെ വിവിധ ഇനങ്ങളിൽ ഒഴിവാക്കിയ ഭൂമികൾ തരംമാറ്റിയത് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ ലാൻഡ് ബോർഡുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ, ഇതിന്‍റെ കണക്ക് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല. തരം മാറ്റിയ പ്ലാൻറേഷൻ ഭൂമിയിൽ എത്ര ഏക്കർ സർക്കാർ ഏറ്റെടുത്തുവെന്നും അതിൽ എത്ര ഏക്കർ ഭൂരഹിതർക്ക് വിതരണം ചെയ്തുവെന്നും ജില്ലതിരിച്ചുള്ള കണക്ക് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് ഐ.സി ബലകൃഷ്ണന് നിയമസഭയിൽ മന്ത്രി കെ.രാജൻ നൽകിയ മറുപടി.
ഭൂപരിഷ്കരണ നിയമത്തിലെ ചില വകുപ്പുകൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയപ്പോൾ സർക്കാരിന് നഷ്ടമായത് കോടിക്കണക്കിന് രൂപയാണ്. നിയമം നടപ്പാക്കിയതോടെയാണ് കുടികിടപ്പും പാട്ടവ്യവസ്ഥയും ജന്മിത്തവും കേരളത്തിൽ ഇല്ലാതായത്. കൃഷിഭൂമി കൈവശംെവച്ചിരുന്ന കർഷകരെ കുടികിടപ്പുകാരായി കണക്കാക്കി പട്ടയം നൽകി. ഭൂവുടമസ്ഥരും മധ്യവർത്തികളും സൃഷ്ടിച്ച എല്ലാ കടബാധ്യതകളിൽ വിമുക്തമായി സർക്കാരിൽ ഭൂമി നിക്ഷിപ്തമായി. അതോടെ ഈ ഭൂമിയുടെ ഉടമസ്ഥത സർക്കാരിനാണ്.
തോട്ടങ്ങൾക്ക് ഭൂപരിധിയിൽ ഇളവ് നൽകിയപ്പോഴും സീലിങ് പരിധിക്ക് അകത്ത് മാത്രമേ ക്രയ സർട്ടിഫിക്കറ്റ് നൽകാനാവു. തോട്ടങ്ങളിലെ ബാക്കി ഭൂമിക്ക് ലാൻഡ് ട്രൈബ്യൂണൽ വഴി ഇളവ് നേടാം. ഇളവ് നൽകിയ മുഴുവൻ ഭൂമിക്കും പാട്ടം നൽകാമെന്നായിരുന്നു വ്യവസ്ഥ. ലാൻഡ് ട്രൈബ്യൂണലുകളും താലൂക്ക് ലാൻഡ് ബോർഡുകളും ഇക്കാര്യത്തിൽ അട്ടിമറി നടത്തി. ഈ ഭൂമിക്ക് നികുതി അടക്കുന്നതിന് സൗകര്യംമൊരുക്കി. ഫലത്തിൽ സർക്കാർ ഖജനാവിലേക്ക് പാട്ടമായി വരേണ്ട ആയിരക്കണക്കിന് കോടി രൂപയോളം നഷ്ടം സംഭവിച്ചുവെന്നാണ് ആക്ഷേപം.
പാട്ടം അടക്കേണ്ട ഭൂമിക്ക് പല തോട്ടം ഉടമകളും നികുതിയാണ് അടക്കുന്നത്. അതിന് അവസരമൊരുക്കിയത് റവന്യൂ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയുമാണ്. ഇളവ് നൽകിയ ഭൂമി സംബന്ധിച്ച് താലൂക്ക് ലാൻഡ് ബോർഡുകൾ കണക്ക് തയാറാക്കണമെന്ന് ലാൻഡ് റവന്യൂ കമ്മീഷമർ നേരത്തെ നിർദേശം നൽകിയെങ്കിലും ഉദ്യോഗസ്ഥർ അതൊന്നും തയാറാക്കിയില്ല. പല താലൂക്ക് ലാൻഡ് ബോർഡുകളിലും ഇത് സംബന്ധിച്ച് ഫയലുകൾ സൂക്ഷിച്ചിട്ടില്ലെന്നാണ് മറുപടി നൽകുന്നത്. ക്രയ സർട്ടിഫിക്കറ്റ് നേടാതെ ഭൂമി കൈവശം വെച്ചരിക്കുന്ന തോട്ടം ഉടമകളുമുണ്ട്.
ഉദാഹരണമായി റവന്യൂ വകുപ്പ് 2021 ഒക്ടോബർ 28ലെ ഉത്തരവ് നോക്കുക. ഭാരത് പെട്രോളിയത്തിന് പമ്പ് നടത്തുന്നതിന് ഭൂമി നൽകിയതിന് മൂന്ന് വർഷത്തെ പാട്ടമായി 24.31 ലക്ഷം അടക്കണമെന്നാണ് ഉത്തരവ്. ഏറാനാട് താലൂക്കിൽ മലപ്പുറം വില്ലേജിലാണ് 22 സെൻറ് ഭൂമിയാണ് പാട്ടത്തിന് നൽകിയത്. ഭൂമിയുടെ ന്യാവില വർധനവ് കണക്കാക്കി 22 സെൻറ് ഭൂമിയുടെ കമ്പോളവില 1.78 കോടിയാണ്. അതിന്‍റെ അഞ്ച് ശതമാനമാണ് 2020-21 ലെ പാട്ടത്തുകയായി 8,90,000 രൂപ നിശ്ചയിച്ചുവെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ അറിയിച്ചു. സർക്കാർ ഭൂമിക്ക് ഇളവ് നൽകിയ തോട്ടം ഭൂമിയിൽനിന്ന് കമ്പോളവിലയുടെ അഞ്ച് ശതമാനം നൽകേണ്ടിവരുമെന്ന് ചുരുക്കം. 1970 ജനുവരി ഒന്നിന് നിയമം നിലവിൽവന്നു. കഴിഞ്ഞ 50 വർഷം സംസ്ഥാനത്തിന് ഈ ഇനത്തിൽ എത്ര കോടി നഷ്ടമുണ്ടായിയെന്ന കണക്കാക്കാൻപോലുമാവില്ല.
നിയമത്തിലെ വകുപ്പ് 51(എ), (ബി) പ്രകാരം കുടിയാൻ കുടിയായ്മ ഉപേക്ഷിച്ച ഭൂമിയും സർക്കാരിൽ നിക്ഷിപ്തമായി. ആ ഭൂമിക്കുള്ളിൽ പ്രവേശിക്കാൻ ജന്മിക്ക് അവകാശമില്ലെന്നാണ് നിയമം. അത് പ്രകാരം സ്വാതന്ത്യത്തിന് മുമ്പ് ഇംഗ്ലീഷ് കമ്പനികളും ഇംഗ്ലീഷുകാരും ഉപേക്ഷിച്ച് പോയ ഭൂമി മുഴുവനും ലാൻഡ് ട്രൈബ്യൂണൽ പ്രഖ്യാപനത്തിലൂടെ തഹസീൽദാർ ഏറ്റെടുത്ത് സർക്കാരിന് കൈമാറണമായിരുന്നു. റവന്യൂവകുപ്പ് നിയമം നടപ്പാക്കുന്നതിൽ കാണിച്ച കെടുകാര്യസ്ഥത സർക്കാരിന് വൻനഷ്ടം ഉണ്ടാക്കി. താലൂക്ക് ലാൻഡ് ബോർഡിലെ അംഗങ്ങളായ രാഷ്ട്രീയക്കാരും ഈ നിയമവിരുധ പ്രവർത്തനത്തിന് കുടപിടിച്ചു. കാർഷിക പരിഷ്കരണമനുസരിച്ച് കർഷകന് കൃഷി ചെയ്യാൻ ഭൂമിയും ലഭിച്ചില്ല.
1967 ൽ ഇ.എം.എസിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായിരുന്ന കെ.ആർ.ഗൗരിയമ്മയാണ് നിയമം തയാറാക്കിയത്. സി. അച്യുതമേനോൻ മന്ത്രിസഭ 1970 ജനുവരി ഒന്നിനാണ് നിയമം നടപ്പാക്കിയത്. ബ്രിട്ടീഷുകാർ 1903ൽ ഭൂ സംബന്ധമായ കണക്കുകൾ ശേഖരിച്ച് റിപ്പോർട്ട് തയാറാക്കിയിരുന്നു. 120 വർഷം കഴിഞ്ഞിട്ടും നമ്മുടെ റവന്യൂ വകുപ്പിൽ ഇത്തരം കണക്കുകളില്ല. ഇത്രയുംകാലം നമ്മുടെ റവന്യൂവകുപ്പ് തോട്ടം ഉടമകളെ സഹായിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.