ഭൂപരിഷ്ക്കരണ നിയമത്തിൽ ഇളവ് ലഭിച്ച തോട്ടഭൂമി തരംമാറ്റൽ വ്യാപകം; മുന്നറിയിപ്പുമായി റവന്യു വകുപ്പ്
text_fieldsമുക്കം: ഭൂപരിഷ്‌കരണ നിയമത്തിലെ വകുപ്പ് 81 പ്രകാരം ഇളവ് ലഭിച്ച തോട്ടഭൂമി നിയമം ലംഘിച്ച് ക്രയവിക്രയം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി റവന്യു വകുപ്പ്. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ തോട്ടഭൂമി തുണ്ടുകളായി മുറിച്ചു വിൽപന നടത്തുന്നത് വ്യാപകമായ സാഹചര്യത്തിലാണ് നിയമ ലംഘനത്തിനെതിരെ അധികൃതർ രംഗത്തിറങ്ങിയിരിക്കുന്നത്.
2015 ൽ ലാൻഡ് ബോർഡ് സെക്രട്ടറി സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസർമാർക്കും ഇത്തരം ഭൂമി ക്രയവിക്രയം നടത്തുന്നതിനെക്കുറിച്ചു പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് നിർദേശം നൽകിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് നടപടികൾ കടുപ്പിക്കുന്നത്. കുമാരനല്ലൂർ വില്ലേജിലെ വിവിധ സ്ഥലങ്ങളിൽ വില്ലജ് ഓഫിസർ നജ്മൽ ഹുദയുടെ നേതൃത്വത്തിൽ ബോധവത്കരണ ബോർഡുകൾ സ്ഥാപിച്ചു.
1970 ജനുവരി ഒന്നിനാണ് ഭൂപരിഷ്‌കരണ നിയമത്തിൽ വകുപ്പ് 81 പ്രകാരം ഭൂവുടമകൾക്ക് ഇളവ് നൽകിയിരുന്നത്. ഇളവ് ലഭിച്ച തോട്ടഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണെങ്കിൽ ഭൂമി സർക്കാറിനു തന്നെ തിരിച്ചെടുക്കാമെന്നു ഈ നിയമത്തിൽ നിഷ്കർഷിക്കുന്നുണ്ട്.
എന്നാൽ, വസ്തുതകൾ മറച്ചുവെച്ച് പല ഭൂവുടമകളും ഇളവ് ലഭിച്ച ഭൂമി തുണ്ടുകളാക്കി മുറിച്ചു വിൽപന നടത്തുന്നത് വ്യാപകമായിരുന്നു.
ഇത്തരത്തിൽ ഭൂമി വാങ്ങി വീടുവെച്ചവരും ഏറെയാണ്. പക്ഷേ, പിന്നീട് വീടിനു നമ്പറും മറ്റും കിട്ടാതാവുമ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതു പലരും അറിയുക. നേരത്തേ ഇളവു ലഭിച്ച ഭൂമി വിൽപന നടത്തിയാൽ വസ്തു വാങ്ങിയ ആൾ നിയമനടപടികളിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, ഇപ്പോൾ വാങ്ങിയ ആളിൽനിന്നുതന്നെ സർക്കാറിന് ഭൂമി തിരിച്ചെടുക്കാം എന്നാണ് വ്യവസ്ഥ. മലയോരത്ത് കുമാരനല്ലൂർ വില്ലേജിൽ തന്നെ ഇത്തരത്തിൽ ഭൂമികൾ മുറിച്ചു വിൽപന നടത്തുകയും ഖനനങ്ങൾ ഉൾപ്പെടെ നടത്തുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.