ക്വാറികളായി മാറിയ പ്ലാന്റേഷനുകൾക്ക് ഭൂപരിധി ഇളവിന് അർഹതയില്ല –ഹൈകോടതി
text_fieldsകൊച്ചി: ക്വാറികളായി രൂപമാറ്റം വരുത്തിയ തോട്ടങ്ങൾക്ക് ഭൂപരിഷ്കരണ നിയമപ്രകാരമുള്ള ഭൂപരിധി വ്യവസ്ഥയിൽ ഇളവിന് അർഹതയില്ലെന്ന് ഹൈകോടതി. മൂന്നംഗ ബെഞ്ചിൽ ഒരാളുടെ വിയോജിപ്പോടെയാണ് ഉത്തരവ്.
ഇളവിന് അർഹതയുണ്ടായിരുന്ന ഭൂമി മറ്റേതെങ്കിലും രൂപത്തിലേക്ക് മാറ്റിയശേഷം പഴയ നിലയിെല ഇളവ് അവകാശപ്പെടാനാകില്ല. കൈവശം വെക്കാവുന്ന ഭൂമിക്ക് പരിധി നിർണയിക്കപ്പെടുകയും മിച്ചഭൂമി ഭൂപരിഷ്കരണ നിയമപ്രകാരമുള്ള നടപടിക്ക് വിധേയമാവുകയും ചെയ്യും. ഭൂമി പതിച്ചുനൽകിയ ആൾ കൈവശാവകാശ പരിധിക്കകത്തുള്ള ഭൂമിയാണെങ്കിൽപോലും മറ്റൊരാൾക്ക് വിൽപന നടത്തിയിട്ടുണ്ടെങ്കിൽ ആ ഭൂമി വിൽപന നടത്തിയ ആളുടെ സ്വത്തിൽപെടുത്തി കണക്കാക്കണമെന്നും കോടതി വ്യക്തമാക്കി.
പ്ലാേൻറഷനുവേണ്ടി ഇളവ് നൽകി പതിച്ചുനൽകിയ ഭൂമിയിൽ ക്വാറി പ്രവർത്തനത്തിന് അനുമതി നൽകിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളിലാണ് നടപടി.
കരിങ്കൽ ഖനനം നടത്തുന്ന ഭൂമിയെ വാണിജ്യഭൂമിയായി കാണാനാവില്ലെന്ന കൃഷ്ണൻകുട്ടി കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവും കരിങ്കൽ ഖനനം ഉൽപാദന പ്രക്രിയായതിനാൽ വാണിജ്യഭൂമിയായി കണക്കാക്കാമെന്ന മുഹമ്മദലി ഹാജി കേസിലെ ഡിവിഷൻ ബെഞ്ച് ഉത്തരവുമാണ് കോടതി പരിഗണിച്ചത്. ഭൂപരിഷ്കരണ നിയമപ്രകാരം (1963) കരിങ്കൽ ഖനനത്തിന് ഉപയോഗിക്കുന്ന പ്രദേശത്തെ വാണിജ്യഭൂമി എന്നുപറയാനാവില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ശരിയെന്ന് രണ്ട് ജഡ്ജിമാരുടെ വിധിന്യായത്തിൽ പറയുന്നു.
നിയമത്തിെൻറ ലക്ഷ്യംതന്നെ കൈവശാവകാശത്തിന് പരിധി നിശ്ചയിക്കലും അധികഭൂമി ഏറ്റെടുത്ത് ഭൂമിയില്ലാത്തവർക്ക് വിതരണം ചെയ്യലുമാണ് മുഹമ്മദലി ഹാജി കേസിലെ വിധി ഭൂപരിഷ്കരണ നിയമത്തിെൻറ അന്തസ്സത്തക്ക് വിരുദ്ധമാണ്. ഇത് അംഗീകരിച്ചാൽ ഇത്തരം ഭൂമി കൈവശം വെച്ചിട്ടുള്ളവരെല്ലാം ഇതേ അവകാശവാദം ഉന്നയിക്കാൻ അർഹതയുള്ളവരായി മാറും. ഉൽപാദനപ്രക്രിയ ആയതിനാൽ പ്ലാേൻറഷൻ ഭൂമിക്ക് നൽകിയ ഇളവ് ഇൗ ഭൂമി ക്വാറിയായി ഉപയോഗിക്കുേമ്പാൾ അനുവദിക്കാനാവില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു.
മെറ്റലും ബ്ലോക്കുകളും നിർമിക്കാൻ പാറ പൊട്ടിക്കുന്നത് ഉൽപാദനപ്രക്രിയ ആയതിനാൽ മുഹമ്മദലി ഹാജി കേസിലെ വിധി ശരിവെക്കുന്നതായി വിയോജന ഉത്തരവിൽ മൂന്നാമത്തെ ജഡ്ജി രേഖപ്പെടുത്തി. കരിങ്കൽ ഖനനം സാമ്പത്തിക ലാഭമുണ്ടാക്കുന്ന ബിസിനസ് ആയതിനാൽ ക്വാറി പ്രവർത്തനം നടക്കുന്ന ഭൂമി കമേഴ്സ്യൽ ലാൻഡ് ആണെന്നതിൽ സംശയമില്ല. അതിനാൽ, ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷൻ രണ്ട്(അഞ്ച്) പ്രകാരമുള്ള ഇളവ് ക്വാറികൾക്ക് അനുവദിക്കാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഹരജികൾ വീണ്ടും സിംഗിൾ ബെഞ്ച് മുമ്പാകെ പരിഗണനക്കെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.