ശബരിമലയിൽ പ്ലാസ്റ്റിക് വിലക്ക് തുടരും –ഹൈകോടതി
text_fieldsകൊച്ചി: ശബരിമലയിലെ പ്ലാസ്റ്റിക് വിലക്ക് നീക്കണമെന്ന ആവശ്യം ഹൈകോടതി തള്ളി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിലക്ക് താൽക്കാലികമായി നീക്കണമെന്ന ശബരിമല സ്പെഷൽ കമീഷണറുടെ ആവശ്യമാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് ടി.ആർ. രവി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
കോവിഡ് ഇവിടെ എന്നും ഉണ്ടായിരിക്കില്ലെന്നും പ്ലാസ്റ്റിക് മൂലമുള്ള ദുരിതം കാലങ്ങളോളം തുടരുമെന്നും ചൂണ്ടിക്കാട്ടിയാണ് സ്പെഷൽ കമീഷണറുടെ ആവശ്യം നിരാകരിച്ചത്. 2015ലും 2018ലുമാണ് ശബരിമലയിലും പരിസരത്തും പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് വിലക്കി ഹൈകോടതി ഉത്തരവിട്ടത്.
മണ്ഡലകാലത്ത് ഫേസ്ഷീൽഡ്, മാസ്ക്, ഗ്ലൗസ്, പ്ലാസ്റ്റിക് കുപ്പിയിൽ ഹാൻഡ് സാനിറ്റൈസർ എന്നിവ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, പരിസ്ഥിതിക്ക് ദോഷംവരുത്താതെ ഇത് എങ്ങനെ സാധ്യമാകും എന്നതുസംബന്ധിച്ച് വിശദീകരണമെന്നും സ്പെഷൽ കമീഷണർ നൽകിയിട്ടില്ല.
കുറച്ചുസമയം മാത്രം ഉപയോഗിച്ചിട്ട് അവിടെ ഉപേക്ഷിക്കാനുള്ള സാധ്യത ഏറെയാണ്. വളരെക്കുറച്ച് ആളുകൾ മാത്രമെത്തുന്ന എവറസ്റ്റ് കൊടുമുടിയിൽപോലും പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പരീക്ഷണ വിധേയമാക്കിയ ഓരോ മഞ്ഞ് കണത്തിലും പ്ലാസ്റ്റിക് അംശം ഉണ്ടായിരുന്നെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പർവതാരോഹണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളാണ് ഇത്തരത്തലുള്ള മലിനീകരണത്തിന് പ്രധാന കാരണമായതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.