പടയപ്പക്ക് ഭീഷണിയായി പ്ലാസ്റ്റിക് മാലിന്യം
text_fieldsമൂന്നാർ: കാട്ടുകൊമ്പൻ പടയപ്പയുടെ ജീവന് ഭീഷണിയായി പ്ലാസ്റ്റിക് മാലിന്യം. ഗ്രാമപഞ്ചായത്തിന്റെ മാലിന്യ നിക്ഷേപ കേന്ദ്രം സ്ഥിതിചെയ്യുന്ന കല്ലാറിലാണ് ഒന്നരമാസമായി ആന തമ്പടിച്ചിരിക്കുന്നത്. മിക്ക ദിവസങ്ങളിലും പച്ചക്കറി അവശിഷ്ടം ഭക്ഷിക്കാൻ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ എത്തുന്നുണ്ട്.
ഇവിടെ കൂട്ടിയിട്ടിരിക്കുന്ന പച്ചക്കറി അവശിഷ്ടങ്ങൾക്കിടയിൽ പ്ലാസ്റ്റിക് കൂടുകളും കവറുകളുമുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തുക്കൾ വരുന്ന കവറുകളും ഇക്കൂട്ടത്തിലുണ്ട്. ഇവക്ക് ഉപ്പുരസം ഉള്ളതിനാൽ ആനകൾ കൂടോടെ അകത്താക്കും. ഈ കേന്ദ്രത്തിൽ പടയപ്പ സ്ഥിരം സന്ദർശകനായതോടെ തൊഴിലാളികൾ ഭീതിയിലായിരുന്നു.
തുടർന്നാണ് പച്ചക്കറി അവശിഷ്ടങ്ങൾ കേന്ദ്രത്തിന് പുറത്ത് ആനക്ക് ഭക്ഷിക്കാൻ കൂട്ടിയിടുന്നതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ കാട്ടാന കയറുന്നത് തടയാൻ പുറത്ത് ഇത്തരത്തിൽ പച്ചക്കറികൾ കൂട്ടിയിടുന്നത് ശരിയായ പരിഹാരമാർഗമല്ലെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
മൂന്നാർ കാടുകളിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനാണ് പടയപ്പ. മുമ്പ് മാട്ടുപ്പെട്ടിയിലുൾപ്പെടെ പ്ലാസ്റ്റിക് ഭക്ഷിച്ച് കാട്ടാനകൾ ചെരിഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.അന്നൊക്കെ പോസ്റ്റ്മോർട്ടത്തിൽ അവയുടെ വയറ്റിൽനിന്ന് പ്ലാസ്റ്റിക് കണ്ടെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ആന മാലിന്യകേന്ദ്രത്തിൽ കയറുന്നത് തടയാൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.