ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ടു പോകില്ല; തീരുമാനം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ
text_fieldsതിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ ഇനി പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്ന് തീരുമാനം. പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ സേനവഴി ശേഖരിക്കും. ഉറവിട മാലിന്യ സംസ്‌കരണം കർശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ തീരുമാനമെടുത്തു. വീടുകളിലും ഫ്ലാറ്റുകളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം നിർബന്ധമാക്കും. യോഗ തീരുമാനങ്ങൾ ഹൈകോടതിയെ അറിയിക്കും. ബ്രഹ്മപുരത്ത് ഉന്നതാധികാര സമിതി രൂപവത്കരിക്കാനും തീരുമാനമായി.
നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജൈവ മാലിന്യ സംസ്കരണത്തിന് വിൻഡ്രോ കമ്പോസ്റ്റിങ് സംവിധാനം അടിയന്തരമായി നന്നാക്കും. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. മേൽനോട്ടത്തിനായി കലക്ടര്‍, കോര്‍പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എംപവേഡ് കമ്മിറ്റി രൂപവത്കരിക്കും. പ്രദേശവാസികളെ ബോധവത്കരിക്കും. മന്ത്രിമാരും മേയര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ഇതിനായി ചേരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ്, വീണാ ജോര്‍ജ്, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി, അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ ഡോ.വി. വേണു, ശാരദാ മുരളീധരന്‍, സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, അഗ്നി രക്ഷാസേന ഡയറക്ടര്‍ ബി. സന്ധ്യ, കലക്ടര്‍ ഡോ. രേണുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.