തിരുവനന്തപുരം ലുലുമാളിനെതിരായ ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡല്‍ഹി: തിരുവനന്തപുരം ലുലു മാൾ നിർമിച്ചത് തീരപരിപാലന നിയമം ലംഘിച്ചാണെന്നാരോപിച്ച് നൽകിയ ഹരജി സുപ്രീംകോടതി തള്ളി. വിവിധ ഘട്ടങ്ങളില്‍ നടന്ന പരിശോധനകള്‍ക്ക് ശേഷമുള്ള അനുമതികള്‍ മാളിനുണ്ടെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.
2021 ആഗസ്റ്റ് 13ലെ കേരള ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചു. 2.32 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ലുലു മാളിന്റെ നിര്‍മാണത്തിന് അനുമതി നല്കാന് സംസ്ഥാന പരിസ്ഥിതി ആഘാത പരിശോധന അതോറിറ്റിക്ക് അധികാരമില്ലെന്നും തീരദേശ പരിപാലന നിയമ പ്രകാരം മൂന്നാം കാറ്റഗറി പരിധിയില്‍ വരുന്നതാണ് ലുലു മാള്‍ എന്ന കാര്യം ഹൈകോടതി പരിഗണിച്ചില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത്തരം വിഷയങ്ങളിൽ പൊതുതാൽപര്യ ഹരജി അനുവദിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഹരജിക്കാരനായ എം.കെ. സലീമിനു വേണ്ടി അഭിഭാഷകരായ അരിജിത് പ്രസാദ്, സുവിദത്ത് സുന്ദരം എന്നിവരും ലുലു മാളിനു വേണ്ടി അഭിഭാഷകരായ മുകുൾ റോഹതഗി, വി. ഗിരി, ഹാരിസ് ബീരാൻ എന്നിവരും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.