തടസ്സവാദം തള്ളി; നജീബ് കാന്തപുരത്തിനെതിരായ തെരഞ്ഞെടുപ്പ് ഹരജി നിലനിൽക്കുമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരത്തിനെതിരെ എതിർ സ്ഥാനാർഥി സമർപ്പിച്ച ഹരജി നിലനിൽക്കുമെന്ന് ഹൈകോടതി. നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജിക്കെതിരെ നജീബ് കാന്തപുരം നൽകിയ തടസ്സവാദം ഹൈകോടതി തള്ളി. തപാൽ വോട്ടുകൾ എണ്ണിയിട്ടില്ലെന്ന ആരോപണത്തിൽ വിശദ പരിശോധന ആവശ്യമാണെന്നും തെരഞ്ഞെടുപ്പ് ഹരജിയിൽ വിചാരണ വേണ്ടതുണ്ടെന്നും വ്യക്തമാക്കിയാണ് ഉത്തരവ്.
മുസ്ലിംലീഗ് സ്ഥാനാർഥിയായിരുന്ന നജീബിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സ്വതന്ത്ര സ്ഥാനാർഥി കെ.പി. മുഹമ്മദ് മുസ്തഫ നൽകിയ ഹരജിയിലെ തടസ്സവാദമാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ തള്ളിയത്. 348 തപാൽ വോട്ടുകൾ കാരണമില്ലാതെ എണ്ണാതിരുന്നെന്നും ഇതിൽ 300 വോട്ടെങ്കിലും തനിക്ക് കിട്ടുമായിരുന്നുവെന്നുമായിരുന്നു മുസ്തഫയുടെ ഹരജി. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഹരജിയിലുണ്ട്. 38 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് നജീബ് വിജയിച്ചത്.
ശരിയായ രീതിയിലല്ലാത്തതും നിയമപരമായി നിലനിൽക്കാത്തതുമാണ് ഹരജിയെന്നായിരുന്നു എം.എൽ.എയുടെ തടസ്സവാദം. തെരഞ്ഞെടുപ്പ് ഹരജിക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഇതിലില്ല. ആവശ്യമായ നിബന്ധനകൾ പാലിക്കാത്ത തപാൽ വോട്ടുകൾ മാത്രമാണ് എണ്ണാതിരുന്നത്. എല്ലാ നടപടിക്രമങ്ങളും പോൾ ഓഫിസർമാർ പാലിച്ചിട്ടുണ്ട്. ഡിക്ലറേഷൻ പൂരിപ്പിച്ച് വോട്ടർ ഒപ്പിട്ട് നൽകേണ്ടതുണ്ട്.
അത് ചെയ്യാതിരുന്നതിന് ഉദ്യോഗസ്ഥരെ പഴിച്ചിട്ട് കാര്യമില്ല. ഉദ്യോഗസ്ഥർക്കെതിരായ വാദം ശരിയെന്ന് സമ്മതിച്ചാലും തെരഞ്ഞെടുപ്പ് റദ്ദാക്കാൻ അത് കാരണമല്ല. മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എം.എൽ.എ വാദിച്ചു. എന്നാൽ, വിജയിച്ചയാളുടെ തെരഞ്ഞെടുപ്പ് ക്രമക്കേട് ചൂണ്ടിക്കാട്ടി നൽകുന്ന ഹരജിയിലാണ് വിശദ വിവരങ്ങൾ നൽകേണ്ടതെന്ന് ഹരജിക്കാരൻ വാദിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ തപാൽ വോട്ടുകൾ തള്ളിയത് സംബന്ധിച്ചാണ് ഹരജി.
348 തപാൽ വോട്ടുകൾ കാരണമില്ലാതെ എണ്ണാതിരുന്നതാണ് പ്രധാന ആരോപണമെന്ന് വിലയിരുത്തിയ കോടതി ഈ വാദം ശരിവെച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ ബാലറ്റുകൾ തള്ളിയെന്ന ആരോപണമുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കേസ് നിലനിൽക്കുമെന്ന് വ്യക്തമാക്കിയ കോടതി തുടർന്നാണ് തടസ്സവാദ ഹരജി തള്ളിയത്. തെരഞ്ഞെടുപ്പ് ഹരജിയിൽ വാദം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.