'സ്വത്ത് വിവരം മറച്ചുവെച്ചു'; രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക തള്ളണമെന്ന് ഹൈകോടതിയിൽ ഹരജി
text_fieldsകൊച്ചി: തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ നാമനിർദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. പത്രികയിൽ സ്വത്തുവിവരം മറച്ചുവെച്ചെന്നും ചട്ടവിരുദ്ധമായാണ് പത്രിക സമർപ്പിച്ചതെന്നും കാണിച്ചാണ് ഹരജി.
സത്യവാങ്മൂലത്തിൽ സ്വത്തു വിവരം മറച്ചുെവച്ചെന്നും ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടും വരണാധികാരി നടപടികൾ സ്വീകരിക്കാതെ രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക സ്വീകരിച്ചു എന്നുമാണ് ഹരജിക്കാർ പറയുന്നത്.
അഭിഭാഷക ആവണി ബെൻസൽ, ബംഗളൂരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹരജി നൽകിയത്. രാജീവ് ചന്ദ്രശേഖർ തെറ്റായ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം നൽകുന്നത് രണ്ടാം തവണയെന്ന് ആവണി ബൻസാൽ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യസഭ തെരഞ്ഞെടുപ്പിന് സമർപ്പിച്ചതും ഇതേ വിവരങ്ങളാണ്. തെരഞ്ഞെടുപ്പ് കമീഷൻ പരാതിക്ക് മേൽ അടയിരിക്കുകയാണ്. നികുതി വകുപ്പിൽ നിന്ന് മറുപടി ലഭിക്കുന്നില്ല. മൂന്ന് പരാതികൾ വരണാധികാരിക്ക് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആവണി ബൻസാൽ ചൂണ്ടിക്കാട്ടി.
ഏപ്രിൽ അഞ്ചിന് രാജീവ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 28 കോടിയുടെ ആസ്തിയുള്ളതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 2021–22ൽ 680 രൂപയും 2022–23ൽ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി രാജീവ് ചന്ദ്രശേഖർ കാണിച്ചിരുന്നത്.
രാജീവ് ചന്ദ്രശേഖർ വാഹനങ്ങളുടെ പൂർണ വിവരങ്ങൾ സ്വത്ത് വിവരത്തിൽ നൽകിയിട്ടില്ലെന്നും ഓഹരി നിക്ഷേപവും മ്യൂച്വൽ ഫണ്ട് വിവരങ്ങളും പൂർണമായി നൽകിയിട്ടില്ലെന്നും ആവണി ബൻസാൽ നേരത്തെ ജില്ല കലക്ടർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. കമ്പനികളുടെയും ഓഹരികളുടെയും വിശദാംശങ്ങൾ നൽകിയില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.