കോവിഡ് നിയന്ത്രണകാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന ഹരജി തള്ളി
text_fieldsകൊച്ചി: കോവിഡ് മൂലം നിയന്ത്രമുണ്ടായിരുന്ന കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന ഹരജി ഹൈകോടതി തള്ളി. യാത്രനിരക്ക് പുതുക്കി നിശ്ചയിക്കാൻ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ നികുതിയിളവ് ശിപാർശ ചെയ്തിരുന്നെങ്കിലും ചെറിയ ഇളവു മാത്രമാണ് നൽകിയതെന്നതടക്കം ചൂണ്ടിക്കാട്ടി കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ, കോൺട്രാക്ട് കാര്യേജ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ തുടങ്ങിയവരും ചില വാഹന ഉടമകളും നൽകിയ ഹരജികളാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്. നിയന്ത്രണമുണ്ടായിരുന്ന 15ൽ 12 മാസവും പൂർണ നികുതിയിളവും ബാക്കി ഭാഗിക ഇളവും സർക്കാർ നൽകിയിരുന്നുവെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
കെ.എസ്.ആർ.ടി.സിക്ക് സർക്കാർ 1000 കോടിയുടെ സഹായം നൽകിയപ്പോൾ സ്വകാര്യ വാഹനങ്ങൾക്ക് ഒരു സഹായവും നൽകിയില്ലെന്നും 2014ൽ 36,000 ചരക്കുവാഹനങ്ങളുണ്ടായിരുന്നത് ഇപ്പോൾ 12,000 ആയി കുറഞ്ഞെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. വ്യവസായം നിലനിൽക്കാൻ നികുതിയിളവടക്കം നൽകണമെന്നും ആവശ്യപ്പെട്ടു.
വാഹനം ഉപയോഗിക്കുന്നില്ലെങ്കിൽ ജി ഫോം വഴി നികുതിയിളവിന് അപേക്ഷ നൽകാമായിരുന്നെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഹരജിക്കാർ ഇത്തരത്തിൽ അപേക്ഷ നൽകിയിരുന്നില്ലെന്ന് കോടതി വിലയിരുത്തി. നയതീരുമാനങ്ങളെടുക്കാനുള്ള അധികാരം സർക്കാറിനാണ്. ഇതിൽ നിയമപരമായോ ഭരണഘടനാപരമായോ പോരായ്മകളില്ലെങ്കിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.