ശ്രീധരൻ പിള്ളക്കും തന്ത്രിക്കും മറ്റുമെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹരജി
text_fieldsന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, സിനിമതാരം കൊല്ലം തുളസി, പന്തളം കൊട്ടാരത്തിലെ രാമരാജ വർമ, പത്തനംതിട്ടയിലെ ബി.ജെ.പി നേതാവ് കെ.ജി. മുരളീധരൻ ഉണ്ണിത്താൻ തുടങ്ങിയവർക്കെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹരജി.
കോടതിവിധി നടപ്പാക്കുന്നത് തടയാൻ ഇവർ പ്രവർത്തിച്ചുവെന്ന് കുറ്റപ്പെടുത്തി അഭിഭാഷക ഡോ. ടി. ഗീനാകുമാരി, എ.വി. വർഷ എന്നിവരാണ് ഹരജി നൽകിയത്. കോടതിയലക്ഷ്യ ഹരജിക്ക് അനുമതി തേടി നേരത്തെ ഇവർ നൽകിയ അേപക്ഷ സോളിസിറ്റർ ജനറൽ തുഷാർ മേത്ത തള്ളിയിരുന്നു. ഇൗ സാഹചര്യത്തിലാണ് നേരിട്ട് ഹരജി നൽകിയത്. അനുമതി നിഷേധിച്ച മറുപടി സഹിതമുള്ള പുതിയ ഹരജി ചീഫ് ജസ്റ്റിസാണ് ഇനി പരിഗണിക്കേണ്ടത്.
വിധി നടപ്പാക്കാതിരിക്കാൻ പ്രതിഷേധപ്രകടനങ്ങൾ നടത്തിയെന്നും പ്രസംഗിച്ചുവെന്നുമാണ് ശ്രീധരൻ പിള്ളക്കെതിരായ പരാതി. മുരളീധരൻ ഉണ്ണിത്താൻ ഭരണഘടന കത്തിക്കണമെന്ന് പറഞ്ഞു, കൊല്ലം തുളസി സ്ത്രീകളെ കീറിയെറിയുമെന്ന് പറഞ്ഞു, യുവതികൾ കയറിയാൽ നടയടക്കുമെന്ന് തന്ത്രിയും പന്തളം രാജകുടുംബാംഗവും പറഞ്ഞുവെന്നും ഹരജിയിൽ വിശദീകരിച്ചു.വിധിയെ എതിർത്തവരുടേത് ക്രിയാത്മക വിമർശനമാണ്, വാർത്തകളുടെ അടിസ്ഥാനത്തിൽ കോടതിയലക്ഷ്യ ഹരജി അനുവദിക്കാനാവില്ല എന്ന കാഴ്ചപ്പാടാണ് സോളിസിറ്റർ ജനറൽ പ്രകടിപ്പിച്ചത്.
സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹരജി നൽകാൻ അറ്റോർണി ജനറലിെൻറയോ സോളിസിറ്റർ ജനറലിെൻറയോ അനുമതി വേണം. ശബരിമലയിലെ യുവതി പ്രവേശന വിധി നടപ്പാക്കുന്നത് തടസ്സപ്പെടുത്തിയവർക്കെതിരെ കോടതിയലക്ഷ്യത്തിന് ഹരജി നൽകാൻ പരാതിക്കാർ ആദ്യം എ.ജി കെ.കെ. വേണുഗോപാലിെൻറ അനുമതിയാണ് തേടിയത്.
എന്നാൽ, യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധിയെ എതിർത്ത് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജന വിധിയെ സ്വാഗതം ചെയ്തതിനാൽ തീരുമാനമെടുക്കാൻ അദ്ദേഹം സോളിസിറ്റർ ജനറലിന് വിടുകയായിരുന്നു.കോടതിയലക്ഷ്യമുണ്ടോയെന്ന് പരിശോധിക്കാൻ ചീഫ് ജസ്റ്റിസിന് ഹരജി തുറന്ന കോടതിയിൽ കേൾക്കാം. നേരിട്ട് കക്ഷികൾക്ക് നോട്ടീസ് അയക്കുകയുമാവാം. കോടതിയലക്ഷ്യമില്ലെന്ന് വിലയിരുത്തി തള്ളുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.