കുഫോസ് വി.സി നിയമനം റദ്ദാക്കണമെന്ന ഹരജി: വിധി നാളെ
text_fieldsകൊച്ചി: കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലറുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികളിൽ ഹൈകോടതി തിങ്കളാഴ്ച വിധി പറയും. ഡോ. കെ. റിജി ജോണിനെ നിയമിച്ചതിനെതിരായ ഹരജികളിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പറയുക.
2021 ജനുവരി 23നാണ് ഡോ. റിജി ജോണിനെ വി.സിയായി നിയമിച്ച് ഗവർണർ ഉത്തരവിറക്കിയത്. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രഫസറായി 10 വർഷത്തെ പ്രവൃത്തിപരിചയം വേണമെന്നിരിക്കെ തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽനിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി പിഎച്ച്.ഡി ചെയ്യാൻ പോയ മൂന്നുവർഷംകൂടി പ്രവൃത്തിപരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയതെന്ന് ഹരജിയിൽ ആരോപിക്കുന്നു. സർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യതയില്ലാത്തവരുണ്ടായിരുന്നുവെന്നും ഒരാളുടെ പേര് മാത്രമാണ് ശിപാർശ ചെയ്തതെന്നും ഡോ. കെ.കെ. വിജയൻ, ഡോ. സദാശിവൻ എന്നിവർ സമർപ്പിച്ച ഹരജിയിൽ ആരോപിക്കുന്നു.
കാർഷിക വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലായതിനാൽ ഇതിൽ നിയമനിർമാണത്തിന് അധികാരമുണ്ടെന്നും യു.ജി.സി മാനദണ്ഡങ്ങൾ ബാധകമല്ലെന്നുമായിരുന്നു സംസ്ഥാന സർക്കാറിന്റെ വാദം.
ഗവർണർ വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നു -മന്ത്രി ശിവൻകുട്ടി
തൊടുപുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നാടിന്റെ വികസനം തടസ്സപ്പെടുത്തുന്ന അദ്ദേഹം വിവാദങ്ങൾക്ക് നേതൃത്വം നൽകുകയാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതിപക്ഷത്തെക്കാൾ ശക്തമായി ഇപ്പോൾ സർക്കാറിനെ എതിർക്കുന്നത് ഗവർണറാണ്. ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയിലാണ് അദ്ദേഹം മുഖ്യമന്ത്രിയെ വിമർശിക്കുന്നത്. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്ന കാര്യത്തിൽ സർക്കാർ ഭരണഘടനാപരമായി നീങ്ങും. വിദ്യാഭ്യാസരംഗത്തെ വിദഗ്ധരെ ചാൻസലറായി നിയമിക്കും. ഇത് സംബന്ധിച്ച ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കും. എന്നാൽ, ഇതിനായി പ്രത്യേക സമ്മേളനം വിളിക്കുന്നതിനെക്കുറിച്ച് ആലോചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
'ഭരണഘടനാനുസൃതമായി തീരുമാനമെടുക്കുമെന്ന് പ്രതീക്ഷ'
കൊച്ചി: ചാൻസലർ പദവിയിൽനിന്ന് നീക്കുന്ന ഓർഡിനൻസ് കാര്യത്തിൽ ഗവർണർ ഭരണഘടനാനുസൃതമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിയമമന്ത്രി പി. രാജീവ്. ഓർഡിനൻസിൽ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഭരണഘടന സ്ഥാനത്ത് ഇരിക്കുന്ന ഗവർണറെപ്പോലൊരാൾ പറഞ്ഞതായി കരുതുന്നില്ല. ഭരണഘടന സ്ഥാനത്ത് ഇരിക്കുന്നവർക്ക് മുൻവിധിയോടെ കാര്യങ്ങളെ സമീപിക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗവർണറാണ് ഓർഡിനൻസ് പുറപ്പെടുവിക്കുക. ഗവർണർക്കുവേണ്ടി മന്ത്രിസഭയാണ് അത് തയാറാക്കുന്നത്. സർവകലാശാലകളെ ബാധിക്കുന്നതായതിനാൽ വിവിധ വകുപ്പുകളുടെ പരിശോധനക്കുശേഷമാണ് ഓർഡിനൻസ് രാജ്ഭവനിലേക്ക് അയക്കുന്നത്. നിയമസഭ പാസാക്കിയ ഒരു ബിൽ രാഷ്ട്രപതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ മാത്രമാണ് ആ വിഷയത്തിൽ ഓർഡിനൻസ് ഇറക്കുന്നതിന് തടസ്സമുള്ളൂ. ഇവിടെ സാഹചര്യം വ്യത്യസ്തമാണ്. നിയമസഭ ഈ വിഷയത്തിൽ ബിൽ പാസാക്കിയിട്ടില്ല. ഓർഡിനൻസ് ഒപ്പിട്ടാലും ഒപ്പിടാതിരുന്നാലും ആ വിഷയത്തിൽ നിയമനിർമാണത്തിന് ഭരണഘടനാപരമായി നിയമസഭക്ക് മുന്നിൽ ഒരു തടസ്സവുമില്ല- അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.