ദയവായി ഈ ഭൂമിയൊന്ന് ഏറ്റെടുക്കൂ
text_fieldsകണ്ണൂര്‍: പുതുവർഷത്തിൽ പ്രതീക്ഷകൾക്ക് ആക്കം കൂട്ടി കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ 4000 മീറ്ററാക്കാനുള്ള വികസന പ്രവൃത്തി. റൺവേ വികസനത്തിന്റെ ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി മുഴുവൻ നിർമിതികളുടെയും മൂല്യനിർണയം ആരംഭിച്ചു. കിൻഫ്രയുടെ കീഴിൽ കാലിക്കറ്റ് ഗവ. എൻജിനീയിറങ് കോളജിലെ പ്ര. വി. അൻസുവിന്റെ നേതൃത്വത്തിലാണ് മൂല്യനിർണയം ആരംഭിച്ചത്. 2019ല്‍ ആവശ്യമായ ഭൂമി അളന്നു തിട്ടപ്പെടുത്തിയെങ്കിലും പി.ഡബ്ല്യൂ.ഡി വകുപ് ചമയങ്ങളുടെ മൂല്യം നിര്ണയിക്കാത്തതോടെയാണ് വികസന പ്രവൃത്തി നിലച്ചത്.
കീഴല്ലൂര്‍ വില്ലേജിലെ കാനാട്, കീഴല്ലൂര്‍ പ്രദേശങ്ങളിലെ 245 ഏക്കര്‍ ഭൂമിയാണ് കിയാലിനു റണ്‍വേ വികസനത്തിന് ആവശ്യം. സാമൂഹികാഘാത പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞത് പ്രകാരം ദേശത്തെ 180 കുടുംബങ്ങളും അഞ്ചുക്ഷേത്രങ്ങളും പള്ളിയും നെയ്ത്തുശാലയും അംഗൻവാടിയും റണ്‍വേ വികസനത്തിനായി ഒഴിഞ്ഞുനല്‍കേണ്ടി വരും. ഇവിടങ്ങളില്‍ മൂല്യനിര്‍ണയം നടത്താന്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് പി.ഡബ്യു.ഡി മറുപടി നല്‍കിയിരുന്നു. ഇതോടെയാണ് കാലിക്കറ്റ് എൻജിനീയറിങ് കോളജിന് കീഴിൽ മൂല്യനിര്‍ണയം നടത്താൻ തീരുമാനിച്ചത്. നിലവിൽ 80 വീടുകളുടെ മൂല്യനിർണയം പൂർത്തിയായി.
മാർച്ചിനകം മുഴുവൻ നിർമിതികളുടെയും മൂല്യനിർണയം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിടം, മരങ്ങൾ തുടങ്ങിയവയിൽ ഓരോന്നും പ്രത്യേകമായാണ് മൂല്യനിർണയം നടത്തുന്നത്. മൂല്യനിര്‍ണയം കൂടി ലഭിച്ചാല്‍ മാത്രമേ കിൻഫ്രക്ക് ഭൂമി ഏറ്റെടുക്കാനാവശ്യമായ തുക കണക്കാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഏകദേശം 1250 കോടി രൂപയാണ് പ്രവർത്തനങ്ങൾക്കായി കണക്കാക്കുന്നത്. ഇതിൽ ഘട്ടം ഘട്ടമായി സർക്കാർ തുക വേഗത്തിൽ അനുമതിച്ചാൽ മാത്രമേ വേഗത്തിൽ ഭൂമിയേറ്റെടുക്കാൻ കഴിയൂ. അടിസ്ഥാന വില നിശ്ചയിച്ച് തുടര്‍നടപടികള്‍ വേഗത്തിൽ സ്വീകരിച്ചില്ലെങ്കില്‍ ഭൂവടമകള്‍ കൂടുതല്‍ പ്രയാസത്തിലാകും.
അറ്റകുറ്റപ്പണി ചെയ്യാനാകാതെ 180 കുടുംബങ്ങൾ
റൺവേ വികസനത്തിനായി ഭൂമിയേറ്റെടുക്കൽ നടപടി ആരംഭിച്ചതോടെ ദുരിതത്തിലായത് കീഴല്ലൂര്‍ വില്ലേജിലെ കാനാട്, കീഴല്ലൂര്‍ പ്രദേശങ്ങളിലെ 180 കുടുംബങ്ങളാണ്. ഒമ്പത് വർഷമായി ഇവിടെ ആർക്കും വീടുകള്‍ അറ്റകുറ്റപ്പണിയടക്കം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ചോർന്നൊലിക്കുന്ന വീടുകൾ പോലും നിരവധിയാണ്. ഉടൻ വീടുകൾ നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ വീടുകൾ പരിപാലിക്കാൻ ഉടമകൾ തയാറാകുന്നില്ല.
മറ്റു വീടുകൾ നോക്കി മാറാൻ ശ്രമിക്കണമെങ്കിൽ സർക്കാറിൽനിന്നു ഫണ്ടും അനുവദിക്കുന്നില്ല. വിവാഹം, സൽക്കാരം പോലുള്ള ചടങ്ങുകൾ പലരും ഓഡിറ്റോറിയങ്ങൾ പോലുള്ള ഇടങ്ങളിലേക്ക് മാറ്റേണ്ട സ്ഥിതിയാണ്. കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ റണ്‍വേ വികസനത്തിനായി വേഗത്തില്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും സര്‍ക്കാർ മെല്ലപ്പോക്ക് നയം സ്വീകരിച്ചു. ഇതോടെ ദുരിതത്തിലായിരിക്കുന്നത് ഇവിടങ്ങളിലെ ഭൂവുടമകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.