കോഴിക്കോടും മരം കൊള്ള
text_fieldsതിരുവനന്തപുരം: പട്ടയഭൂമിയിൽ നടന്ന വ്യാപക മരംകൊള്ള കോഴിക്കോടുമെന്ന് വനംവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ മരം കൊള്ള നടന്ന ജില്ലകളുടെ എണ്ണം 11 ആയി. അതേസമയം വ്യാപക മരംകൊള്ളക്ക് ഇടയാക്കിയ, പട്ടയ ഭൂമിയിൽനിന്ന് മരം മുറിക്കാൻ അനുമതി പാസ് നൽകുന്ന റേഞ്ച് ഒാഫിസർമാരുടെ അധികാരത്തിന് മൂക്കുകയറിടാൻ വനംവകുപ്പ് നടപടി തുടങ്ങി.
കോഴിക്കോട് കുറ്റ്യാടിയിൽ നിന്നാണ് തേക്ക് മരങ്ങൾ അനുവാദമില്ലാതെ മുറിച്ചതായി കണ്ടെത്തിയത്. വടകര തഹസിൽദാറാണ് 1964ലെ പട്ടയഭൂമിയിൽ നിന്ന് മുറിക്കാൻ അനുമതിയില്ലാത്ത രാജകീയ മരങ്ങളിൽപെട്ട ചന്ദനം ഒഴികെ തേക്കും ഇൗട്ടിയും അടക്കം മരം മുറിക്കാൻ അനുമതി നൽകിയത്. 2020 ഒക്ടോബർ 24ലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെ എല്ലാ മരങ്ങളുടെയും അവകാശം കർഷകനാണെന്നും മുറിക്കാൻ അനുവാദം ആവശ്യമില്ലെന്നും തഹസിൽദാർ നിർദേശിച്ചു. പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ പ്രത്യേക അനുവാദം ആവശ്യമില്ലെന്നും ഉദ്യോഗസ്ഥൻ ഉത്തരവിൽ എടുത്തുപറഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിൽ വിേല്ലജ് ഒാഫിസർമാർ മരം മുറിക്ക് നൽകിയ ശിപാർശയിൽ റേഞ്ച് ഒാഫിസർമാർ പാസ് അനുവദിച്ചു.
ആദ്യ പരിശോധനയിൽ എട്ട് തേക്ക് മരങ്ങൾ മുറിച്ചുവെന്നാണ് കണ്ടെത്തിയത്. കൂടുതൽ പരിശോധനയിലേ മരംമുറിയുടെ ആഴം വ്യക്തമാവൂ. ഇതോടെ ആലപ്പുഴ, പാലക്കാട്, കണ്ണൂർ ഒഴികെ സംസ്ഥാനത്തെ 11 ജില്ലയിലും മരംമുറി നടന്നുവെന്ന് തെളിഞ്ഞു. ഇതിൽ വയനാട് ജില്ലയിൽനിന്ന് മുറിച്ചുകടത്തിയ തേക്കും ഇൗട്ടിയും മാത്രമാണ് വനംവകുപ്പിന് പിടിച്ചെടുക്കാൻ കഴിഞ്ഞത്. മറ്റ് ജില്ലകളിൽനിന്ന് മുറിച്ച മരങ്ങൾ അതിർത്തി കടത്തിയതിനാൽ പിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇങ്ങനെ കടത്തിയ മരങ്ങൾ കണ്ടുപിടിക്കാൻ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കും. ആയിരക്കണക്കിന് തേക്കും ഇൗട്ടിയും അനധികൃതമായി മുറിച്ച സാഹചര്യത്തിലാണ് റേഞ്ച് ഒാഫിസർമാരുടെ അധികാരത്തിൽ നിയന്ത്രണം കൊണ്ടുവരാൻ ആലോചിക്കുന്നത്. നിലവിൽ മരം മുറിക്കാൻ വില്ലേജ് ഒാഫിസർമാർ നൽകുന്ന ശിപാർശയിൽ റേഞ്ച് ഒാഫിസർമാരാണ് പാസ് നൽകുന്നത്. കൃത്യമായ പരിശോധനയില്ലാതെ പാസ് അനുവദിച്ചതാണ് വ്യാപക മരം കൊള്ളക്ക് ഇടയാക്കിയത്. റേഞ്ച് ഒാഫിസർമാർ നൽകുന്ന അനുമതിക്ക് പുറമേ ഉയർന്ന ഉദ്യോഗസ്ഥർ കൂടി പരിശോധിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.