പ്ലസ് വൺ; മൂന്നാം അലോട്ട്മെന്‍റിനുശേഷം നടപടിയെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: മലപ്പുറം ജില്ല ഉൾപ്പെടെ മലബാറിൽ പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമായ സീറ്റുണ്ടെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാനത്താകെ 4,33,471 പ്ലസ് വൺ സീറ്റുകൾ ലഭ്യമാണ്. മലപ്പുറത്ത് ഹയർസെക്കൻഡറി മേഖലയിൽ 71,036 പ്ലസ് വൺ സീറ്റുകളും 2850 വി.എച്ച്.എസ്.ഇ സീറ്റുകളും 5484 ഐ.ടി.ഐ സീറ്റുകളും 880 പോളിടെക്നിക് സീറ്റുകൾ ഉൾപ്പെടെ 80,250 സീറ്റുകൾ ഉപരിപഠനത്തിനായി ലഭ്യമാണ്.
ജില്ലയിലെ ആകെയുള്ള 82,446 പ്ലസ് വൺ അപേക്ഷകരിൽ 7606 പേർ ജില്ലക്ക് പുറമെ നിന്നുള്ളവരാണ്. ജില്ലക്കുള്ളിലെ അപേക്ഷകർ 74,840 പേരാണെന്നും ഇവർക്കുള്ള സീറ്റ് ജില്ലയിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും കാരണത്താൽ സീറ്റ് ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മൂന്നാം അലോട്ട്മെന്‍റിനു ശേഷം പരിശോധിച്ച് നടപടി സ്വീകരിക്കും. എല്ലാവർക്കും വീടിന്‍റെ തൊട്ടപ്പുറത്തുള്ള സ്കൂളിൽ സീറ്റ് ലഭിക്കണമെന്ന് വിചാരിച്ചാൽ നടക്കില്ല.
എല്ലാവർഷവും പ്ലസ് വൺ പ്രവേശന സമയത്ത് സമരം പ്രഖ്യാപിക്കുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും മലബാറിലെ എല്ലാ ജില്ലകളിലും പ്രവേശനം അവസാനിച്ചപ്പോൾ സീറ്റൊഴിഞ്ഞുകിടക്കുകയായിരുന്നു. മലപ്പുറത്തെയും മലബാറിലെയും കുട്ടികൾ കേരളത്തിന്‍റെ കുട്ടികൾ തന്നെയാണെന്നും അവരോട് വിവേചനമില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.